വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിന്‍റെ കാര്‍ തടഞ്ഞു നിര്‍ത്തി ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു

Shahida Kamal

കൊല്ലം:പത്തനാപുരത്ത് വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിനെ വാഹനം തടഞ്ഞു നിര്‍ത്തി ആക്രമിച്ചു. ഹര്‍ത്താല്‍ ദിനത്തില്‍ കാറില്‍ യാത്ര ചെയ്തതിന്‍റെ പേരില്‍ തന്നെയും ഡ്രൈവറെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് തന്നെ തടഞ്ഞു നിര്‍ത്തി കൈയേറ്റം ചെയ്തതെന്ന് ഷാഹിദ പറഞ്ഞു.

കന്യാസ്ത്രീയെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ പത്തനാപുരത്തെ മഠത്തിലേക്ക് പോകുകയായിരുന്നു ഷാഹിദ. ഇതിനിടയിലാണ് റോഡില്‍ വച്ചു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാര്‍ തടയുന്നത്. ആരായാലും കാറിപ്പോള്‍ കടത്തി വിടില്ലെന്നായിരുന്നു വണ്ടി തടഞ്ഞവരുടെ നിലപാട്.

കാറിന്‍റെ വിന്‍ഡോ ഗ്ലാസുകള്‍ താഴ്ത്താന്‍ ഇവര്‍ ആവശ്യപ്പെട്ടെങ്കിലും താന്‍ അതു ചെയ്തില്ല. ഇതോടെ ഇവര്‍ വണ്ടിയുടെ മുന്നിലെ ഗ്ലാസ് അടിച്ചു തകത്തു. തന്നെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും മുടി പിടിച്ചു വലിക്കുകയും ചെയ്തു.

തന്നെ മര്‍ദ്ദിച്ച ആളെ തനിക്ക് വ്യക്തമായി അറിയാമെന്നും ആയാളുടെ ഫോട്ടോ തന്റെ കൈവശമുണ്ടെന്നും ആ വ്യക്തിയെ അറസ്റ്റ് ചെയ്യാതെ താനിനി മുന്നോട്ട് നീങ്ങില്ലെന്നും ഷാഹിദാ കമാല്‍ നിര്‍ബന്ധം പിടിച്ചുവെങ്കിലും പിന്നീട് പത്തനാപുരം പൊലീസ് സ്ഥലത്തെത്തി ഇവരെ ഇവിടെ നിന്നും കടത്തിവിടുകയായിരുന്നു.

സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം നടത്തുമെന്ന് പത്തനാപുരം പൊലീസ് അറിയിച്ചു.

Top