കബീർ സിംഗ് ആണത്തത്തിന്റെ ആഘോഷം ;ചിത്രത്തിനെതിരെ വിമർശനവുമായി നിരൂപകർ

വിജയ് ദേവരെകൊണ്ടയുടെ കരിയറിൽ വലിയൊരു ബ്രേക്ക് നൽകിയ ചിത്രമായിരുന്നു അർജുൻ റെഡ്ഡി. ചിത്രം തെന്നിന്ത്യയിൽ വൻ ഹിറ്റുമായിരുന്നു. സന്ദീപ് വംഗ ഒരുക്കിയ അർജുൻ റെഡ്ഡി ബോക്സ് ഓഫീസിൽ വൻ വിജയം നേടുകയും, നിരൂപക ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിരുന്നു.

ചിത്രം ഹിന്ദിയിലേയ്ക്കും തമിഴിലേയ്ക്കും റീമേക്ക് ചെയ്യുകയും ചെയ്തു. ചിത്രത്തിന്റെ ഹിന്ദി റിമേക്കായ കബീർ സിംഗ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഷാഹിദ് കപൂറാണ് അർജുൻ റെഡ്ഡിയായി എത്തിയത്. കൈറ അദ്വാനിയാണ് നായിക. സന്ദീപ് വംഗ തന്നെയാണ് കബീർ സിംഗും സംവിധാനം ചെയ്തത്‌.

തെലുങ്കിൽ സൂപ്പർഹിറ്റായ ചിത്രത്തിന് ഹിന്ദിയിൽ പ്രതീക്ഷകൾക്ക് വിപരീതമായി മോശം റിവ്യൂവാണ് ലഭിക്കുന്നത്. ഇപ്പോൾ നിരൂപകരും സാമൂഹിക മാധ്യമങ്ങളും ചിത്രത്തിനെതിരേ രംഗത്ത് വന്നിരിക്കുകയാണ്.

ആണത്തത്തിന്റെ ആഘോഷമാണിതെന്നും അടിമുടി സ്ത്രീവിരുദ്ധതയാണെന്നും പലരും അഭിപ്രായപ്പെടുന്നു. പുരുഷൻ സ്ത്രീയെ സ്വകാര്യ വസ്തുവാക്കി മാറ്റി പ്രണയിച്ച്, അവൾ പിരിഞ്ഞു പോകുമ്പോൾ വിരഹം ലഹരി നിറച്ച് ആഘോഷിക്കുന്ന പാടിപ്പഴകിയ പ്രമേയമാണിതെന്നാണ് പലരും വിലയിരുത്തുന്നത്. ചിത്രത്തിൽ ശക്തയായ ഒരു സ്ത്രീ കഥാപാത്രം പോലുമില്ലെന്നും കബീർ സിംഗ് പോലുള്ള ചിത്രങ്ങൾ സമൂഹത്തിൽ പടർത്തുന്നത് കൊടിയ വിഷമാണെന്നും ചില നിരൂപകർ പറയുന്നു.

Top