‘അനിമല്‍’ സീക്വലില്‍ അസീസായി ഷാഹിദ് കപൂര്‍; സോഷ്യല്‍മീഡിയ വാര്‍ത്തകളില്‍ പ്രതികരിച്ച് താരം

2023 ല്‍ ഇറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത ‘അനിമല്‍’. ചിത്രത്തിന്റെ പ്രമേയവുമായി ബന്ധപ്പെട്ട് നിരവധി വിമര്‍ശനങ്ങള്‍ കേട്ടിരുന്നെങ്കിലും വലിയ സാമ്പത്തിക വിജയമാണ് സിനിമ നേടിയത്. സിനിമയുടെ രണ്ടാം ഭാഗത്തില്‍ ഷാഹിദ് കപൂര്‍ അതിഥി താരമായെത്തും എന്ന പ്രചാരണം സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. ഫ്‌ലാഷ്ബാക്ക് സീനുകളില്‍ താരമുണ്ടാകുമെന്നും അസീസ് എന്ന കഥാപാത്രത്തിന്റെ സര്‍ജറിയ്ക്ക് മുമ്പുള്ള മുഖമായാകും ഷാഹിദ് അഭിനയിക്കുക എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

രണ്‍ബീര്‍ കപൂര്‍ കഥാപാത്രം രണ്‍വിജയ്യെക്കാള്‍ ‘അനിമല്‍ നേച്ചര്‍’ ഉള്ള കഥാപാത്രമായാണ് അസീസിനെ സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്. സന്ദീപ് റെഡ്ഡി വാങ്കയുടെ കബീര്‍ സിങ്ങിലെ നായകന്‍ ഷാഹിദ് ആയിരുന്നു എന്നത് കൂടി പരിഗണിച്ച് ആവേശത്തിലാണ് ആരാധകര്‍. എന്നാല്‍, ആരാധകരുടെ ആവേശം മനസിലാകുമെന്നും ഇതില്‍ പ്രായോഗികതയില്ലെന്നുമാണ് ഷാഹിദ് കപൂറിന്റെ പ്രതികരണം.
‘തേരി ബാറ്റണ്‍ മേ ഐസ ഉല്‍ജാ ജിയ’ ആണ് വരാനിരിക്കുന്ന ഷാഹിദ് കപൂര്‍ ചിത്രം. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് താരം അനിമലുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളെക്കുറിച്ച് പ്രതികരിച്ചത്.

സന്ദീപ് റെഡ്ഡിയുടെ അടുത്ത ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ നായകനാകും എന്നും റിപ്പോര്‍ട്ട് ഉണ്ട്. ഡാര്‍ക്ക് ക്രൈം ആക്ഷന്‍ ത്രില്ലര്‍ ജോണറിലാണ് സല്‍മാന്‍ ചിത്രം ഒരുങ്ങുക. അനിമല്‍ ചിത്രീകരണത്തിനിടെ തന്നെ ഇരുവരും ഇതേക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു.

Top