അഴിമതി ആരോപണം; ഷഹീദ് കഖാന്‍ അബ്ബാസി അറസ്റ്റില്‍

ഇസ്ലാമാബാദ്: അഴിമതി ആരോപണം നേരിടുന്ന പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഷഹീദ് കഖാന്‍ അബ്ബാസി അറസ്റ്റില്‍. ലാഹോറില്‍ ഒരു വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയായിരുന്നു അറസ്റ്റ്. അറസ്റ്റിന്റെ കാരണം വ്യക്തമാക്കിയില്ലെങ്കിലും അഴിമതിയും വഴിവിട്ട നടപടിക്രമങ്ങളും ഉന്നയിച്ചാണ് അറസ്റ്റെന്ന് മുസ്ലിം ലീഗ് നവാസ് പുറത്തുവിട്ട അറസ്റ്റ് വാറണ്ടിന്റെ പകര്‍പ്പ് വ്യക്തമാക്കുന്നു.

എല്‍എന്‍ജി ഇറക്കുമതിക്കു കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട 22,000 കോടിയുടെ അഴിമതിക്കേസില്‍ ഷഹീദ് കഖാന്‍ അബ്ബാസി മുഖ്യപ്രതിയായി 2015ല്‍ എന്‍എബി കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. മുന്‍ പെട്രോളിയം മന്ത്രി കൂടിയായ ഷഹീദ് കഖാന്‍ അബ്ബാസി 2013ല്‍ ക്രമവിരുദ്ധമായായി എല്‍എന്‍ജി കരാര്‍ അനുവദിച്ചെന്ന കേസില്‍ മുന്‍ പെട്രോളിയം സെക്രട്ടറി അടക്കമുള്ള ഉന്നതര്‍ പ്രതികളാണ്.

സുപ്രീം കോടതി അയോഗ്യത കല്‍പിച്ചതോടെ പ്രധാനമന്ത്രിപദത്തില്‍ നിന്നു പുറത്തായ നവാസ് ഷരീഫിനു പകരം 2017 ഓഗസ്റ്റ് ഒന്നിന് ഇടക്കാല പ്രധാനമന്ത്രിയായ ഷഹീദ് കഖാന്‍ അബ്ബാസി ഒരു വര്‍ഷത്തില്‍ താഴെ മാത്രമാണ് ആ പദവിയിലുണ്ടായിരുന്നത്.

Top