ഇന്ത്യന്‍ ടീമിനെ പരിഹസിച്ച അഫ്രീദിക്ക് മറുപടിയുമായി ഇന്ത്യയുടെ മുന്‍താരം

ന്യൂഡല്‍ഹി: ഇന്ത്യന്‍ താരങ്ങള്‍ പാകിസ്താന്‍ ടീമംഗങ്ങളോട് ക്ഷമ യാചിക്കുന്ന തരത്തില്‍പോലും ഇന്ത്യയെ തോല്‍പ്പിച്ചിട്ടുണ്ടെന്ന പാകിസ്താന്റെ മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയുടെ പരിഹാസത്തിന് മറുപടിയുമായി ഇന്ത്യയുടെ മുന്‍താരം ആകാശ് ചോപ്ര. ഇന്ത്യക്കെതിരേ നേടിയ വലിയ മാര്‍ജിനിലുള്ള വിജയങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അഫ്രീദിയുടെ പരിഹാസം.

എന്നാല്‍ 1980-കളില്‍ പാകിസ്താന്‍ കൂടുതല്‍ മത്സരങ്ങളില്‍ ഇന്ത്യയെ തോല്‍പ്പിച്ചിരുന്നെന്നും ഷാഹിദ് അഫ്രീദി ഉള്‍പ്പെടെയുള്ള വരവിന് ശേഷമാണ് ഇന്ത്യ ആധിപത്യം നേടാന്‍ തുടങ്ങിയതെന്നും ആകാശ് ചോപ്ര തിരിച്ചടിച്ചു. കണക്കുകള്‍ നിരത്തിയാണ് അഫ്രീദിക്ക് ചോപ്ര മറുപടി നല്‍കിയത്. ഏകദിനത്തില്‍ രണ്ടു മത്സരം മാത്രം കൂടുതല്‍ ജയിച്ചിട്ടുള്ളതിന്റെ പേരില്‍ പാക് ടീമിനോട് ക്ഷമ യാചിക്കേണ്ട എന്തു സാഹചര്യമാണുള്ളതെന്നും തെറ്റിദ്ധാരണയ്ക്കും മിഥ്യാബോധനത്തിനും മരുന്നില്ലെന്നും ചോപ്ര പരിഹസിച്ചു.

1980കളില്‍ 30 ഏകദിനങ്ങളില്‍ ഇന്ത്യയും പാകിസ്താനും മത്സരിച്ചപ്പോള്‍ പത്തൊമ്പതിലും വിജയം പാകിസ്താനായിരുന്നു. എന്നാല്‍ പിന്നീട് പാകിസ്താന്റെ മികവ് നഷ്ടപ്പെട്ടു. പാമ്പു കടിച്ചാല്‍ സുഖപ്പെടുത്താം, പക്ഷേ തെറ്റിദ്ധാരണ സുഖപ്പെടുത്താനാകില്ലെന്ന് മഹാന്‍മാര്‍ പറഞ്ഞിട്ടിണ്ടുണ്ട്. അഫ്രീദിയുടെ കാലത്ത് ഇന്ത്യയും പാകിസ്താനും തുല്ല്യശക്തികളായിരുന്നു. ഇന്ത്യ ആധിപത്യം നേടാന്‍ തുടങ്ങിയതും ഈ കാലത്താണ്. നിലവില്‍ ഇന്ത്യ ബഹുദൂരം മുന്നിലാണെന്ന് ഞാന്‍ പറയേണ്ടതില്ലല്ലോയെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

Top