‘പ്രാര്‍ത്ഥനകളിലുണ്ടാകും’; ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്ത് ഷാഹിദ് അഫ്രിദി

രാജ്യത്ത് കോവിഡ് വ്യാപനം മൂലമുള്ള അതിരൂക്ഷ സാഹചര്യത്തില്‍ സഹായം വാഗ്ദാനം ചെയ്ത് മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി. ഷാഹിദ് അഫ്രീദിയുടെ നേതൃത്വത്തിലുള്ള ഷാഹിദ് അഫ്രീദി ഫൗണ്ടേഷന്‍ ഇന്ത്യക്ക് വേണ്ട സഹായം നല്‍കുമെന്നാണ് അഫ്രീദി തന്നെ ട്വിറ്ററിലൂടെ അറിയിച്ചത്. ഇന്ത്യയില്‍ നിന്നും വരുന്ന വാര്‍ത്തകളും വീഡിയോകളും അസ്വസ്ഥപ്പെടുത്തുന്നതാണെന്നും അതില്‍ അങ്ങേയറ്റം സങ്കടമുണ്ടെന്നും അഫ്രീദി ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യക്കാര്‍ മുഴുവന്‍ ഞങ്ങളുടെ ചിന്തകളിലും പ്രാര്‍ത്ഥനകളിലുമുണ്ടാകും എന്നും അഫ്രീദി കൂട്ടിച്ചേര്‍ത്തു. #HopeNotOut, #WeAreInThisTogether എന്നീ ഹാഷ്ടാഗുകളോടെയാണ് അഫ്രീദി ട്വീറ്റ് പോസ്റ്റ് ചെയ്തത്. ഷാഹിദ് അഫ്രീദിക്ക് കീഴിലെ ജീവകാരുണ്യ സംഘടനയാണ് ഷാഹിദ് അഫ്രീദി ഫൗണ്ടേഷന്‍.

പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ ചാരിറ്റി സ്‌പോണ്‍സര്‍മാര്‍ കൂടിയാണ് അഫ്രീദി ഫൗണ്ടേഷന്‍. ഷാഹിദ് അഫ്രീദിയുടെ ട്വിറ്റര്‍ പോസ്റ്റ്: ഇന്ത്യയില്‍ നിന്ന് വരുന്ന അസ്വസ്ഥപ്പെടുത്തുന്ന വാര്‍ത്തകളിലും വീഡിയോകളിലും അങ്ങേയറ്റം സങ്കടം. നിങ്ങള്‍ ഞങ്ങളുടെ ചിന്തകളിലും പ്രാര്‍ത്ഥനകളിലുമാണെന്ന് ഓര്‍മ്മിക്കുക. ഈ പരീക്ഷണ സമയത്ത് ഷാഹിദ് അഫ്രീദി ഫൗണ്ടേഷന്‍ പിന്തുണ നല്‍കുന്നു.

കഴിഞ്ഞ ദിവസം പാകിസ്താന്‍ സര്‍ക്കാരിനോടും രാജ്യത്തെ ജനങ്ങളോടും ഇന്ത്യയ്ക്ക് സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷുഐബ് അക്തറും രംഗത്തുവന്നിരുന്നു. ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലാണ് അക്തറിന്റെ അഭ്യര്‍ഥന.

‘ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രതിസന്ധി നേരിടുക എന്നത് ഏതൊരു സര്‍ക്കാരിനും അസാധ്യമാണ്. ഇന്ത്യയെ സഹായിക്കാന്‍ ഞാന്‍ എന്റെ സര്‍ക്കാരിനോടും ആരാധകരോടും അഭ്യര്‍ഥിക്കുന്നു. ഇന്ത്യക്ക് ധാരാളം ഓക്സിജന്‍ ടാങ്കുകള്‍ ആവശ്യമാണ്. ഇവ ലഭ്യമാക്കുന്നതിനുള്ള ഫണ്ട് കണ്ടെത്താന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നു.’; അക്തര്‍ പറഞ്ഞു.

 

 

 

Top