പ്രക്ഷോഭകര്‍ക്ക് നേരെ വെടിതിര്‍ത്ത സംഭവം; ഡിസിപി ചിന്‍മോയ് ബിശ്വാസിനെ നീക്കി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിലേക്കുണ്ടായ രണ്ടു വെടിവയ്പ് സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹി പൊലീസ് ഡിസിപി ചിന്‍മോയ് ബിശ്വാസിനെ തല്‍സ്ഥാനത്തു നിന്നു നീക്കി തിരഞ്ഞെടുപ്പ് കമ്മിഷന്‍.
അഡീഷണല്‍ ഡിസിപി കുമാര്‍ ഗണേഷിനാണ് താല്‍ക്കാലിക ചുമതല. തെക്കു കിഴക്കന്‍ ഡല്‍ഹിയുടെ ചുമതലയുള്ള ഡിസിപിയായിരുന്നു ചിന്‍മോയ് ബിശ്വാസ്

ഞായറാഴ്ച, സിഎഎയ്‌ക്കെതിരായ പ്രക്ഷോഭങ്ങളുടെ ‘പ്രഭവകേന്ദ്ര’മായ ഷഹീന്‍ ബാഗിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ തിരരഞ്ഞെടുപ്പ് കമ്മിഷന്‍ ഡിസിപിയായി നിയമക്കുന്നതിനായി മൂന്ന് അനുയോജ്യരായ ഉദ്യോഗസ്ഥരുടെ പേരുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയമോ ഡല്‍ഹി പൊലീസ് കമ്മിഷണറോ നിര്‍ദേശിക്കണമെന്നും ഉത്തരവിട്ടു.

നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു പെരുമാറ്റച്ചട്ടം നിലനില്‍ക്കെയാണ് ഡല്‍ഹിയില്‍ വെടിവയ്പ്പ് ഉള്‍പ്പെടെയുള്ള അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് തിരഞ്ഞെടുപ്പ് ഓഫിസര്‍ കമ്മിഷനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്തുന്നതിനു നടപടികള്‍ സ്വീകരിക്കുന്നതില്‍ ചിന്‍മോയ് ബിശ്വാസിനു വീഴ്ചപറ്റിയെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി.

ഗാന്ധിജിയുടെ ചരമവാര്‍ഷികദിനത്തില്‍ ജാമിയ മില്ലിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ രാജ്ഘട്ടിലേക്ക് നടത്തിയ പ്രതിഷേധത്തിലേക്ക് കഴിഞ്ഞ 30 നാണ് പതിനേഴുകാര്‍ വെടിയുതിര്‍ത്തത്. സംഭവത്തില്‍ ഒരു വിദ്യാര്‍ഥിയുടെ കൈയ്ക്ക് പരുക്കേറ്റു. ശനിയാഴ്ച ഷഹീന്‍ബാഗില്‍ നടന്ന പ്രതിഷേധത്തിനിടെ യുപി സ്വദേശിയായ ഒരാള്‍ ആകാശത്തേയ്ക്ക് നിറയൊഴിക്കുകയായിരുന്നു. ഇയാളെ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

Top