ഷഹീന്‍ ചുഴലിക്കാറ്റ്; ഒമാനില്‍ വ്യാപക നഷ്ടം, മരണം 11

മസ്‌കറ്റ്: ഷഹീന്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്നുള്ള കനത്ത കാറ്റിലും മഴയിലും ഒമാനില്‍ മരണം 11 ആയി ഉയര്‍ന്നു. തിങ്കളാഴ്ച മാത്രമായി ഏഴുപേരാണ് മഴക്കെടുതിയില്‍ മരിച്ചത്. ഞായറാഴ്ച ഒരു കുട്ടി ഉള്‍പ്പെടെ നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതായി ദേശീയ അടിയന്തരസമിതി അറിയിച്ചു.

വിവിധയിടങ്ങളില്‍ വന്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. മഴ വരും ദിവസങ്ങളില്‍ തുടരുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. തിങ്കളാഴ്ച രാവിലെയോടെ ചുഴലിക്കാറ്റ് ദുര്‍ബലമായതായി നാഷണല്‍ സെന്റര്‍ ഓഫ് മെട്രോളജി (എന്‍.സി.എം) അറിയിച്ചു.

മണിക്കൂറില്‍ 120 മുതല്‍ 150 കിലോമീറ്റര്‍ വരെ വേഗത്തിലായിരുന്നു ഷഹീന്‍ തീരത്തെത്തിയത്. ഒട്ടേറെപ്പേരെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റി. വാഹനത്തില്‍ കുടുങ്ങിക്കിടന്നവരെ സുരക്ഷാവിഭാഗം ഇടപെട്ട് രക്ഷപ്പെടുത്തി. അടച്ചിട്ടിരുന്ന പല റോഡുകളും ഇതുവരെ തുറന്നിട്ടില്ല. കാലാവസ്ഥ മെച്ചമാകുന്നതുവരെ യാത്രകള്‍ ഒഴിവാക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

ദുരിതമേഖലകളില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. മുസന്ന, സുവൈക്ക്, ഖാബുറ, സഹം എന്നീ പട്ടണങ്ങളില്‍ താമസിക്കുന്നവരുടെ വസ്തുവകകള്‍ പൂര്‍ണമായും വെള്ളപ്പൊക്കത്തില്‍ നശിച്ചു. വീടുകള്‍ തകര്‍ന്നു, വാഹനങ്ങള്‍ വെള്ളത്തിനടിയിലായി. ചിലത് ഒലിച്ചുപോയി. 143 ഇടങ്ങളില്‍ സര്‍ക്കാര്‍ താത്കാലിക ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കിയിരുന്നു. 53 കേന്ദ്രങ്ങളിലായി 3019 പേര്‍ അഭയകേന്ദ്രങ്ങളിലുണ്ട്.

താത്കാലികമായി നിര്‍ത്തിവെച്ചിരുന്ന വിമാനസര്‍വീസുകള്‍ ഉടന്‍ പുനരാരംഭിച്ചേക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 500 സെന്റിമീറ്റര്‍ വരെ മഴ ഷഹീനിന്റെ ഭാഗമായി ലഭിച്ചെന്നാണ് ഒമാന്‍ കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. ഇതാണ് മിന്നല്‍ പ്രളയത്തിന് കാരണമായത്.

 

Top