ഷഹീന്‍ ചുഴലിക്കാറ്റ്; തകര്‍ന്ന വീടുകള്‍ക്ക് അടിയന്തര സഹായം പ്രഖ്യാപിച്ച് ഒമാന്‍

മസ്‌കറ്റ്: ഷഹീന്‍ ചുഴലിക്കാറ്റില്‍ തകര്‍ന്ന ഓരോ വീടുകള്‍ക്കും ആയിരം ഒമാനി റിയാല്‍ അടിയന്തര പ്രാഥമിക സഹായമായി നല്‍കുവാന്‍ ഒമാന്‍ മന്ത്രിതല സമിതി തീരുമാനിച്ചു.

ഷഹീന്‍ ചഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ചുമതലപ്പെടുത്തിയ മന്ത്രിതല സമിതിയാണ് തകര്‍ന്ന ഓരോ വീടിനും 1,000 ഒമാനി റിയാല്‍ വീതം അടിയന്തര സഹായം നല്‍കാന്‍ തീരുമാനിച്ചത്. ചുഴലിക്കാറ്റിന്റെ കെടുതിയില്‍ നിന്നും ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ട് വരുവാനുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്.

റോഡ്, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കി കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് സുവെയ്ക്കു, ഖദറ, എന്നിവടങ്ങളില്‍ നടന്നുവരുന്നത്. വിവിധ പ്രദേശങ്ങളില്‍ നിന്നായി 650ലധികം പേരെയാണ് ദുരന്ത നിവാരണ സേന ഇതിനകം രക്ഷിച്ചത്. ഷഹീന്‍ ചുഴലിക്കാറ്റില്‍ ഒമാനില്‍ 12 പേര്‍ മരണപ്പെട്ടതായിട്ടാണ് ഔദ്യോഗിക സ്ഥിരീകരണം.

 

Top