പ്രക്ഷോഭങ്ങളില്‍ കുഞ്ഞുങ്ങളെ കൊണ്ടുപോകരുത്; കോടതി സ്വമേധയാ കേസെടുത്തു

ന്യൂഡല്‍ഹി: ഷഹീന്‍ ബാഗിലെ പ്രക്ഷോഭത്തില്‍ പങ്കെടുക്കാനെത്തിയ യുവതിയുടെ കുഞ്ഞ് മരിച്ച സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു.നാല് മാസം മാത്രം പ്രായമുള്ള കുട്ടിയുടെ മരണം ചൂണ്ടിക്കാട്ടി ദേശീയ ധീരതാ പുരസ്‌കാര ജേതാവ് സെന്‍ സദാവര്‍തെ ചീഫ് ജസ്റ്റിസിന് അയച്ച കത്ത് ഹര്‍ജിയായി പരിഗണിച്ചാണ് കോടതി സ്വമേധയാ കേസെടുത്തത്. കുട്ടികളെയും നവജാത ശിശുക്കളെയും സമരത്തില്‍ പങ്കെടുപ്പിക്കുന്നത് തടയണമെന്നായിരുന്നു സെന്‍ സദാവര്‍തെ കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ജസ്റ്റിസ് ബി.ആര്‍ ഗവയ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. കേന്ദ്രസര്‍ക്കാര്‍, ഡല്‍ഹി സര്‍ക്കാര്‍ എന്നിവര്‍ക്ക് വിഷയത്തില്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് കോടതി നോട്ടീസയച്ചു.

യുഎന്‍ കണ്‍വെന്‍ഷന്‍ പ്രകാരം കുട്ടികള്‍ക്ക് സമരങ്ങളില്‍ പങ്കെടുക്കാനാകുമെന്ന് ഷഹീന്‍ ബാഗ് സമരക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷക കോടതിയെ ധരിപ്പിച്ചു. ഈ വാദത്തെ കോടതിയിലുണ്ടായിരുന്ന സോളിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തു.

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഗ്രേറ്റ തുന്‍ബെര്‍ഗ് കുട്ടിയാണെന്നും ആ കുട്ടി പ്രക്ഷോഭം നടത്തിയതും ഷഹീന്‍ബാഗ് സമരക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയില്‍ ഉയര്‍ത്തിക്കാട്ടി. ജനുവരി 30നാണ് ഷഹീന്‍ ബാഗിലെ സമരകേന്ദ്രത്തില്‍ വെച്ച് ഉറങ്ങിക്കിടന്ന കുഞ്ഞ് മരിക്കുന്നത്. ഡല്‍ഹിയിലെ ശൈത്യത്തില്‍ പരിചരണം ലഭിക്കാതെയാണ് കുഞ്ഞ് മരിച്ചത്.

Top