ഇന്ത്യാവിരുദ്ധ പ്രസംഗങ്ങള്‍; ഷഹീന്‍ ബാഗ് പ്രതിഷേധത്തിനെതിരെ ബിജെപി

ല്‍ഹി ഷഹീന്‍ ബാഗില്‍ ഒരു മാസമായിനടക്കുന്ന പ്രതിഷേധങ്ങള്‍ ദിശതെറ്റിയതും, ഇന്ത്യാവിരുദ്ധ പ്രസംഗങ്ങളുമാണ് വേദിയില്‍ അരങ്ങേറുന്നതെന്ന് ആരോപിച്ച് ബിജെപി ദേശീയ വക്താവ് സാംബിത് പത്ര. ഷഹീന്‍ ബാഗില്‍ അരങ്ങേറുന്ന പ്രസംഗങ്ങള്‍ അസ്വസ്ഥത ജനിപ്പിക്കുന്നതും, രാജ്യദ്രോഹപരവുമാണെന്ന് സാംബിത് പത്ര പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കും, നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള ദേശീയ തലത്തിലുള്ള ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെയാണ് ഷഹീന്‍ ബാഗില്‍ കുത്തിയിരുപ്പ് സമരം നടക്കുന്നത്. പ്രധാനമായും സ്ത്രീകളെ അണിനിരത്തി സമരം ചെയ്യുന്നതിനാല്‍ പോലീസ് നടപടികളൊന്നും ഇവിടെ ഉണ്ടായിട്ടില്ല. ഷഹീന്‍ ബാഗില്‍ ഗൂഢാലോചന നടക്കുന്നതായാണ് സാംബിത് പത്രയുടെ ആരോപണം. ഇതിനുള്ള തെളിവ് തങ്ങളുടെ പക്കലുണ്ടെന്നാണ് വാദം.

ഇന്ത്യയുടെ പരമാധികാരവും, സ്വാതന്ത്ര്യവും ചോദ്യം ചെയ്യുന്നതാണ് വേദിയിലെ പ്രസംഗങ്ങളെന്നും സാംബിത് പത്ര ആരോപിച്ചു. ഇന്ത്യയില്‍ നിന്നും ആസാമിനെ വെട്ടിമുറിക്കാന്‍ ആഹ്വാനം ചെയ്യുന്ന പ്രസംഗത്തിന്റെ വീഡിയോയും ബിജെപി വക്താവ് നേരത്തെ പുറത്തുവിട്ടിരുന്നു. ‘ചിക്കന്‍ കഴുത്ത് മുസ്ലീങ്ങളുടേതാണ്. ഇവിടെ ഇന്ത്യന്‍ സൈന്യത്തിന് ആസാമില്‍ എത്താന്‍ കഴിയാത്ത അവസ്ഥ റെയില്‍വെ ട്രാക്കുകളില്‍ സൃഷ്ടിക്കണം’, പ്രാസംഗികന്‍ പറയുന്നു.

ഇന്ത്യയെ നോര്‍ത്ത് ഈസ്റ്റ് മേഖലയിലേക്ക് ബന്ധിപ്പിക്കുന്ന 22 കിലോമീറ്റര്‍ വരുന്ന റെയില്‍വെ പാത സ്ഥിതി ചെയ്യുന്ന സിലിഗുരിയെയാണ് ചിക്കന്‍ കഴുത്തെന്ന് വിശേഷിപ്പിക്കുന്നത്. ഇതൊന്നും രാജ്യവിരുദ്ധമല്ലെങ്കില്‍ പിന്നെ എന്താണ്, സാംബിത് പത്ര ചോദിച്ചു. ഷഹീന്‍ ബാഗ് സംഘാടക സമിതിയിലെ ഷാര്‍ജീല്‍ ഇമാമാണ് വിവാദ പ്രസംഗം നടത്തിയത്.

Top