സുപ്രീം കോടതി ഇടപെടലിനെ സ്വാഗതം ചെയ്യുന്നുവെന്ന് ഷഹീന്‍ ബാഗ് പ്രതിഷേധക്കാര്‍

ന്യൂഡല്‍ഹി: ഷഹീന്‍ ബാഗിലെ പ്രതിഷേധ സമരത്തില്‍ സുപ്രീം കോടതിയുടെ ഇടപെടലിനെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിഷേധക്കാര്‍. സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു. പക്ഷേ പ്രദേശത്ത് നിന്നും ഒഴിയാന്‍ തയ്യാറല്ലെന്ന് സമരക്കാര്‍ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി, ദേശീയ ജനസംഖ്യ രജിസ്റ്റര്‍, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നീ വിഷയങ്ങളെ സംബന്ധിച്ച് സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണ്. ഇതിനിടെ പ്രതിഷേധം മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനായി സമരക്കാരുമായി ഇടപെടാന്‍ സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്ഡെ, സാധ്ന രാമചന്ദ്രന്‍, മുന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍ വജാത്ത് ഹബീബുല്ല എന്നിവരെ നിയോഗിച്ചു.

ഫെബ്രുവരി 24ന് ഹര്‍ജിയില്‍ കൂടുതല്‍ വാദം കേള്‍ക്കും. തങ്ങള്‍ റോഡുകള്‍ തടയുന്നില്ലെന്നും സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും സുപ്രീം കോടതിയുടെ ഇടപെടല്‍ തങ്ങളുടെ ആവശ്യം നിറവേറ്റുന്നതിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സമരക്കാര്‍ പറയുന്നു.

Top