ഷഹീന്‍ബാഗിലെ പ്രധാന പാത ഭാഗികമായി തുറന്ന് കൊടുത്ത് സമരക്കാര്‍

ന്യൂഡല്‍ഹി: നായിഡ – കാളിന്ദി കുഞ്ജ് റോഡിന്റെ ഒരു ഭാഗത്ത് പോലീസ് സ്ഥാപിച്ച ബാരിക്കേഡ് എടുത്തുമാറ്റി ഷഹീന്‍ ബാഗിലെ പ്രധാന പാത സമരക്കാര്‍ ഭാഗികമായി തുറന്നു. ഗതാഗത തടസ്സം നീക്കുന്നത് സംബന്ധിച്ച സുപ്രീം കോടതി മധ്യസ്ഥ സംഘം മാരത്തോണ്‍ ചര്‍ച്ച തുടരുന്നതിനിടെയാണ് സമരക്കാരുടെ അപ്രതീക്ഷിത നീക്കം. സമരവേദിക്കരികിലൂടെയുള്ള പ്രധാന പാതയാണ് തുറന്നു കൊടുത്ത ഒമ്പതാം നമ്പര്‍ കാളിന്ദി കുഞ്ച് – നോയിഡ പാത.

എഴുപത് ദിവസമായി അടഞ്ഞു കിടന്ന വഴിയിലൂടെ ആംബുലന്‍സ് ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ കടന്നു പോയി. സുരക്ഷ ഒരുക്കുന്നതില്‍ ഉറപ്പ് ലഭിക്കാതെ പാത തുറക്കാന്‍ അനുവദിക്കില്ല എന്നായിരുന്നു കഴിഞ്ഞ മൂന്നു ദിവസം സമരക്കാര്‍ എടുത്ത നിലപാട്. രാവിലെ സമരപ്പന്തലിലെത്തിയ മധ്യസ്ഥസംഘത്തിലെ സാധനാ രാമചന്ദ്രന്‍ ഗതാഗതം തടസ്സപ്പെടുത്തുന്നത് കോടതിയില്‍ സമരക്കാര്‍ക്ക് തിരിച്ചടിയാവുമെന്ന് ആവര്‍ത്തിച്ചു. കൂടിയാലോചനകള്‍ക്കൊടുവില്‍ വൈകിട്ടോടെ സമരക്കാര്‍ തന്നെ പാതയുടെ ഒരുഭാഗം തുറന്നു.

Top