സമരവേദിമാറ്റാന്‍ നടത്തിയ ചര്‍ച്ച പരാജയം; സമരവേദി മാറ്റില്ലെന്ന് പ്രക്ഷോഭകര്‍

ന്യൂഡല്‍ഹി: ഷഹീന്‍ ബാഗിലെ സമരക്കാരുമായി സുപ്രീം കോടതി മധ്യസ്ഥ സംഘം നടത്തിയ ചര്‍ച്ച ബുധനാഴ്ച സമവായത്തിലെത്തിയില്ല. ഷഹീന്‍ ബാഗിലെ സമരവേദി മാറ്റുന്നതുമായി ബന്ധപ്പെട്ടാ നടന്ന ചര്‍ച്ചയാണ് പരാജയപ്പെട്ടത്.ഷഹീന്‍ ബാഗില്‍ നിന്ന് സമരവേദി മാറ്റില്ലെന്ന നിലപാടില്‍ സമരക്കാര്‍ ഉറച്ച് നിന്നതോടെ വ്യാഴാഴ്ചയും ചര്‍ച്ച തുടരാന്‍ തീരുമാനിച്ചു.

സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥരായ സഞ്ജയ് ഹെഗ്‌ഡെയും സാധനാ രാമചന്ദ്രനുമാണ് ഇന്ന് സമരപ്പന്തലിലെത്തിയത്. പൗരത്വ നിയമഭേദഗതിക്കെതിരായ സമരങ്ങളുടെ മുഖമായ ഷഹീന്‍ബാഗിലെ അമ്മമാരോട് ഇവര്‍ സംസാരിച്ചു. കഴിഞ്ഞ രണ്ട് മാസമായി കൊടും തണുപ്പിനെ അവഗണിച്ചും ഷഹീന്‍ബാഗിലെ അമ്മമാര്‍ ഇവിടെ സമരമിരിക്കുകയാണ്.

ഇവിടത്തെ ഗതാഗത തടസ്സം കണക്കിലെടുത്താണ് പ്രശ്‌നം പരിഹരിക്കാന്‍ രണ്ട് മധ്യസ്ഥരെ കോടതി നിയോഗിച്ചത്. മറ്റൊരിടത്തേക്ക് സമരവേദി മാറ്റാനാകുമോ എന്ന് പരിശോധിക്കാനും, ഇവിടത്തെ ഗതാഗതതടസ്സം മാറ്റാന്‍ ചര്‍ച്ചയിലൂടെ സമവായമുണ്ടാക്കാനാകുമോ എന്നും പരിശോധിക്കാനാണ് മധ്യസ്ഥരായി രണ്ട് മുതിര്‍ന്ന അഭിഭാഷകര്‍ എത്തിയത്.

Top