പൗരത്വ നിയമ പ്രതിഷേധങ്ങള്‍ ‘രാഷ്ട്രീയക്കാര്‍’ ഹൈജാക്ക് ചെയ്യുന്നു; പ്രതിഷേധം നിര്‍ത്തിവെച്ചു

ഴിഞ്ഞ മൂന്ന് ആഴ്ചക്കാലമായി ഡല്‍ഹിയില്‍ ശാന്തമായി കുത്തിയിരുപ്പ് പ്രതിഷേധങ്ങള്‍ നടത്തിവന്നിരുന്ന ഷഹീന്‍ ബാഗ് പ്രതിഷേധം താല്‍ക്കാലികമായി നിര്‍ത്തി. പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധത്തിന്റെ ഭാഗമായുള്ള റോഡ് തടയല്‍ അവസാനിപ്പിക്കുന്നതായി മുഖ്യസംഘാടകനായ ഷര്‍ജീല്‍ ഇമാം വ്യക്തമാക്കി. രാഷ്ട്രീയ ഭേദമില്ലാതെ നടന്ന സമരങ്ങള്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഹൈജാക്ക് ചെയ്യുന്നതായി വ്യക്തമായതോടെയാണ് ഈ അറിയിപ്പ്.

ഡല്‍ഹിയില്‍ നിന്നും നോയ്ഡയിലേക്കുള്ള 13എ റോഡിലാണ് ഇവരുടെ കുത്തിയിരുപ്പ് സമരം അരങ്ങേറിയത്. എന്നാല്‍ മുഖ്യസംഘാടകന്റെ പിന്‍വാങ്ങല്‍ പ്രഖ്യാപനത്തിന് ശേഷം രാജ്യശ്രദ്ധ നേടിയ പ്രതിഷേധത്തില്‍ നിന്നും മാറേണ്ടെന്ന നിലപാടിലാണ് ചിലര്‍. ഇതോടെ ഗതാഗതം തടയുന്നത് തുടരുകയാണ്. മൂന്നാഴ്ചയായി കുത്തിയിരുപ്പ് നടത്തിയെങ്കിലും പോലീസ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ല.

ബിജെപി നേരിട്ട് ഇടപെടാന്‍ സാധ്യതയുള്ളത് കൊണ്ടാകാം ഇതെന്നാണ് ഇമാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരോപിക്കുന്നത്. ‘ഇത് സംഭവിച്ചാല്‍ സമാധാനപരമായ പ്രതിഷേധത്തിന് മോശക്കേടാകും, ജനങ്ങളുടെ നിലപാടിനെയും ഇത് തകര്‍ക്കും. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം നമുക്ക് റോഡ് തടയല്‍ തുടരാം. തല്‍ക്കാം സമാധാനപരമായി പിന്‍വാങ്ങാം’, ഇമാം കുറിച്ചു.

50 പ്രദേശവാസികളാണ് റോഡില്‍ കുത്തിയിരിപ്പ് തുടങ്ങിയത്. പിന്നീട് ജനക്കൂട്ടം ഇവിടേക്ക് എത്തിച്ചേരുകയായിരുന്നു. സമാധാനപരമായതിനാല്‍ പോലീസ് ഇതില്‍ ഇടപെട്ടതുമില്ല. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ ഹോങ്കോംഗ് രീതിയില്‍ ഫ്‌ളാഷ് മോബ് പ്രതിഷേധമാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും ഇമാം വ്യക്തമാക്കി.

Top