കൊടും തണുപ്പിലും ഷാഹിന്‍ ബാഗിലെ അമ്മമാരുടെ സമരം പൂര്‍വാധികം ശക്തിയോടെ

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരെ ഷാഹിന്‍ ബാഗിലെ അമ്മമാരുടെ സമരം തുടങ്ങിയിട്ട് ഒരുമാസത്തിലേറെയായി. കൊടും തണുപ്പിലും അതെല്ലാം മറന്ന് മതേതര പ്രതീകങ്ങള്‍ ഉയര്‍ത്തിയാണ് ഈ അമ്മമാരുടെ പ്രതിഷേധ സമരം. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലും ബിഹാറിലെ പാറ്റ്‌നയിലും കൊല്‍ക്കത്തയിലും ഷാഹിന്‍ ബാഗ് മോഡല്‍ സമരം തുടങ്ങിയിട്ടുണ്ട്.

നോയിഡ കാളിന്ദികുഞ്ച് റോഡില്‍ ആദ്യം പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം തുടങ്ങിയത് പത്ത് അമ്മമാരായിരുന്നു. സമരം തുടങ്ങി ഒരു മാസം പിന്നിടുമ്പോള്‍ ഈ സമരപന്തലിലേയ്ക്ക് എത്തിയത് നൂറുകണക്കിന് അമ്മമാരാണ്.

സമരക്കാര്‍ക്ക് വൈദ്യസഹായവുമായി സ്വമേധയാ എത്തിയ ഡോക്ടര്‍മാരുടെ സംഘവും ഭക്ഷണവും മറ്റുമെത്തിക്കുന്ന ചുമതല ഏറ്റെടുത്ത പ്രദേശത്തെ പുരുഷന്മാരും മറ്റ് സന്നദ്ധ സംഘടനകളും അമ്മമാരുടെ സമരത്തിന് ഐക്യദാര്‍ഢ്യവുമായെത്തി.

ഗതാഗതം തടഞ്ഞുള്ള സമരത്തിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജിയെത്തിയെങ്കിലും പൊലീസ് ഉചിതമായി കൈകാര്യം ചെയ്യട്ടെയെന്നാണ് ഡല്‍ഹി ഹൈക്കോടതി പറഞ്ഞത്.

Top