കൊറോണയെ ഭയക്കാതെ പ്രതിഷേധം; സര്‍ക്കാരിനെ മാനിക്കുന്നു, പ്രതിഷേധം അതിജീവനത്തിന്

ന്യൂഡല്‍ഹി: കൊറോണ പേടിയില്‍ രാജ്യം വിറങ്ങലിച്ച് നില്‍ക്കുമ്പോഴും അല്‍പം പോലും പിന്നോട്ടില്ലാതെ സിഎഎക്കെതിരെ പ്രതിഷേധം കനപ്പിച്ചിരിക്കുകയാണ് ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍. എന്നാല്‍ അവര്‍ വേണ്ട മുന്‍കരുതലുകള്‍ എല്ലാം സ്വീകരിച്ചതിന് ശേഷമാണ് പ്രതിഷേധം തുടരുന്നത്.

അതേസമയം കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ കൂട്ടം കൂടരുത് എന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതൊന്നും വകവെക്കാതെയാണ് പ്രതിഷേധം അരങ്ങേറുന്നത്. ആരോഗ്യം കണക്കിലെടുക്കുന്നില്ലെന്നും സമരവുമായി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്നും പ്രതിഷേധക്കാര്‍ പ്രതികരിച്ചു.

സര്‍ക്കാര്‍ സിനിമ ഹാളുകള്‍ക്കും ഐപിഎല്ലിനും നിയന്ത്രണമേര്‍പ്പെടുത്തിയതിനെ തങ്ങള്‍ സ്വീകരിക്കുന്നെന്നും എന്നാല്‍ അതില്‍ നിന്നും തങ്ങളുടെ കൂട്ടായ്മ തീര്‍ത്തും വ്യത്യസ്തമാണെന്നും അവര്‍ പറഞ്ഞു. ഞങ്ങളുടെ പ്രതിഷേധം അതിജീവനത്തിന് വേണ്ടിയുള്ളതാണെന്നും ഇതും അതും തമ്മില്‍ താരതമ്യം ചെയ്യാന്‍ പറ്റില്ലെന്നുമാണ് ഷാഹീന്‍ ബാഗ് പ്രതിഷേധത്തിന്റെ മീഡിയ കോര്‍ഡിനേറ്റര്‍ ഖാസി ഇമാദ് പറഞ്ഞത്.

അതേസമയം ഡല്‍ഹിയില്‍ ശക്തമായ മഴയും ആലിപ്പഴം വീഴ്ചയുമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ശനിയാഴ്ച ഉച്ചയോടെയാണ് രാജ്യതലസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ആലിപ്പഴം പൊഴിയാനും ശക്തമായ മഴ പെയ്യാനും തുടങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ വിവിധ സ്ഥലങ്ങളില്‍ കൊറോണ ഐസൊലേഷന്‍ വാര്‍ഡുകള്‍ ഉണ്ട്. മഴ കനത്താല്‍ ആരോഗ്യവകുപ്പിന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രയാസമാകും എന്ന ആശങ്ക ഇപ്പോള്‍ ഉയരുന്നുണ്ട്.

Top