പാക്കിസ്ഥാനില്‍ ഷഹബാസ് ഷരീഫ് പ്രധാനമന്ത്രിയായി ഇന്നു ചുമതലയേല്‍ക്കും

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഷഹബാസ് ഷരീഫ് (72) പ്രധാനമന്ത്രിയായി ഇന്നു ചുമതലയേല്‍ക്കും. പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് നവാസ് (പിഎംഎല്‍-എന്‍) നേതാവായ ഷഹബാസ് പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ (പിപിപി) പിന്തുണയുള്ള കൂട്ടുകക്ഷി സര്‍ക്കാരിനെ നയിക്കും. 336 അംഗ പാര്‍ലമെന്റില്‍ വോട്ടെടുപ്പില്‍ 201 വോട്ട് ഷരീഫിന് ലഭിച്ചു. ഭൂരിപക്ഷത്തിനു വേണ്ടതിലും 32 വോട്ട് കൂടുതലാണിത്. എതിര്‍സ്ഥാനാര്‍ഥി ഇമ്രാന്‍ ഖാന്റെ പാക്കിസ്ഥാന്‍ തെഹ്രികെ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടിയുടെ ഒമര്‍ അയൂബ് ഖാന് 92 വോട്ടും ലഭിച്ചു. പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ ഷഹബാസ് ഷെരീഫ് കശ്മീര്‍ പ്രശ്‌നത്തെ പലസ്തീനോട് ഉപമിച്ചു. കശ്മീരിന്റെയും പലസ്തീന്റെയും സ്വാതന്ത്ര്യത്തിനുവേണ്ടി പ്രമേയം പാസാക്കുമെന്നും പറഞ്ഞു.

പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് (ക്യു), ബലൂചിസ്ഥാന്‍ അവാമി പാര്‍ട്ടി എന്നിവയും പാര്‍ലമെന്റില്‍ ഷഹബാസിനെ പിന്തുണച്ചു. നവാസ് ഷരീഫ് ആണ് ആദ്യം വോട്ട് ചെയ്തത്. ഇമ്രാന്റെ ചിത്രങ്ങളുമായാണ് പിടിഐ അംഗങ്ങള്‍ എത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണു പാക്കിസ്ഥാന്‍ കടന്നുപോകുന്നത്. 2% മാത്രമാണ് സാമ്പത്തിക വളര്‍ച്ച.ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണു പാക്കിസ്ഥാനില്‍ സര്‍ക്കാരുണ്ടാകുന്നത്. 366 അംഗ ദേശീയ അസംബ്ലിയിലെ 265 സീറ്റുകളിലേക്ക് കഴിഞ്ഞ 8നു നടന്ന തിരഞ്ഞെടുപ്പില്‍ പിടിഐ സ്വതന്ത്രര്‍ 101 സീറ്റുമായി മുന്നിലെത്തിയിരുന്നു. പിഎംഎല്‍-എന്‍ 75, പിപിപി 54, എംക്യുഎം-പി 17 വീതം സീറ്റു നേടി.

രണ്ടാം തവണയാണ് ഷഹബാസ് പ്രധാനമന്ത്രിയാകുന്നത്. 2022 ഏപ്രില്‍ മുതല്‍ 2023 ഓഗസ്റ്റ് വരെയും പദവി വഹിച്ചു. കൂട്ടുകക്ഷി സര്‍ക്കാരിനെ നയിക്കാന്‍ നവാസ് ഷരീഫ് വിമുഖത കാട്ടിയതോടെയാണു സഹോദരനായ ഷഹബാസിനെ പരിഗണിച്ചത്. പാക്ക് സൈന്യത്തിനും ഷഹബാസിനോടാണു താല്‍പര്യം.

Top