‘ഷഹനയെ ഭര്‍ത്താവ് കൊന്നത്, ഇന്ന് ജന്മദിനം, ആത്മഹത്യ ചെയ്യില്ല’; നീതി ലഭിക്കണമെന്ന് ഉമ്മ

കാസർകോട്: നടിയും മോഡലുമായ ഷഹനയെ ഭർത്താവ് സജ്ജാദ് കൊന്നതെന്ന് ഉമ്മ ഉമൈബ. മകളെ കൂടുതൽ സ്ത്രീധനം ചോദിച്ചു സജ്ജാദ് നിരന്തരം പീഡിപ്പിക്കാറുണ്ടെന്നും ഉമൈബ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് രാവിലെയാണ് കോഴിക്കോട് പറമ്പിൽ ബസാറിലെ വാടക വീട്ടിൽ കാസർകോട് ചെറുവത്തൂർ സ്വദേശിനായ ഷഹനയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ജനലഴിയിൽ തൂങ്ങിമരിച്ചനിലയിലായിരുന്നു മൃതദേഹം. മരണത്തിൽ ദുരൂഹത സംശയിച്ച് സജ്ജാദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. അതിനിടെയാണ് തന്റെ മകളെ സജ്ജാദ് കൊന്നതാണ് എന്ന് ബന്ധുക്കൾ ആരോപിച്ചത്.

കൂടുതൽ സ്ത്രീധനം ചോദിച്ച് മകളെ സജ്ജാദ് നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് ഉമൈബ പറയുന്നു. ഷഹനയെ സജ്ജാദ് കൊന്നതാണ്. പണത്തിനായി കൊന്നതാണ്. അടുത്തിടെ പരസ്യത്തിൽ അഭിനയിച്ചതിന് ചെക്ക് കിട്ടിയിരുന്നു. ഇത് കിട്ടാൻ വേണ്ടിയും ഉപദ്രവിച്ചിരുന്നു. ‘എന്റെ മോളുടെ മരണത്തിൽ നീതി കിട്ടണം. അവനെതിരെ കൊലക്കുറ്റം തന്നെ ചുമത്തണം. എന്റെ മോളുടെ ജന്മദിനമാണ് ഇന്ന്. മകൾ ആത്മഹത്യ ചെയ്യില്ല. മരിച്ചിടത്ത് പോലും പോകാൻ പേടിയാണ് മകൾക്ക്’- ഉമൈബ പറയുന്നു.

ഒരുവർഷം മുൻപാണ് ഇരുവരുടെയും വിവാഹം നടന്നത്. വിവാഹത്തിന് ശേഷം കാസർകോട് നിന്ന് കോഴിക്കോട് എത്തി പറമ്പിൽ ബസാറിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇരുവരും.

Top