വിദ്യാര്‍ഥി പാമ്പ് കടിയേറ്റ് മരിച്ച സംഭവം; അധ്യാപകര്‍ക്ക് ജാമ്യം നല്‍കരുതെന്ന് പൊലീസ്

വയനാട് : സുല്‍ത്താന്‍ ബത്തേരിയില്‍ വിദ്യാര്‍ഥി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികളായ അധ്യാപകര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പൊലീസ്. അധ്യാപകരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.

കുട്ടിയെ നേരത്തെ ആശുപത്രിയിലെത്തിച്ചാല്‍ ജീവന്‍ രക്ഷിയ്ക്കാമായിരുന്നു. പ്രഥമദൃഷ്ട്യാ അധ്യാപകര്‍ കുറ്റക്കാരാണെന്നും പൊലീസ് വ്യക്തമാക്കി.

നവംബർ 20ന് വൈകീട്ട് മൂന്ന് മണിയോടെയാണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഷഹ്‌ല ഷെറിന് ക്ലാസ് മുറിയിൽ വച്ച് പാമ്പ് കടിയേറ്റത്. കാലിൽ ആണി തറച്ചതാണെന്ന് കരുതി വിദ്യാർത്ഥിക്ക് വേണ്ട സമയത്ത് ചികിത്സ നൽകാൻ അധ്യാപകർ തയ്യാറായില്ല. കുട്ടിയുടെ പിതാവ് എത്തി ആശുപത്രിയിൽ കൊണ്ടുപോകുമെന്ന നിലപാടാണ് അധ്യാപകർ സ്വീകരിച്ചത്.

കുട്ടിയുടെ പിതാവെത്തി ആദ്യം സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് എത്തിച്ചത്. ചികിത്സാ സൗകര്യങ്ങൾ പരിമിതമായിരുന്നതിനാൽ താലൂക്ക് ആശുപത്രിൽ എത്തിച്ചു. അവിടെ വച്ച് കുട്ടി ഛർദ്ദിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. മെഡിക്കൽ കോളജിൽ എത്തുന്നതിന് മുൻപ് കുട്ടി മരിച്ചിരുന്നു.

Top