അധ്യാപകര്‍ക്ക് നേരെ കയ്യേറ്റം; പാമ്പ് കടിയേറ്റ് കുട്ടി മരിച്ച സംഭവത്തില്‍ കടുത്ത പ്രതിഷേധം

കല്‍പറ്റ: സുല്‍ത്താന്‍ ബത്തേരിയിലെ ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ക്ലാസ് മുറിയില്‍ നിന്ന് പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. നാട്ടുകാരും രക്ഷിതാക്കളും പ്രതിഷേധവുമായി ബത്തേരി സര്‍വജന്‍ സ്‌കൂളില്‍ എത്തി. ജനരോഷം ഭയന്ന് സ്റ്റാഫ് റൂം പൂട്ടി അകത്തിരുന്ന അധ്യാപകര്‍ക്ക് നേരെ ഒരു സംഘം നാട്ടുകാര്‍ കയ്യേറ്റത്തിന് ശ്രമിച്ചു.

പാമ്പുകടിയേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന് കുട്ടിയുടെ ബന്ധു ആരോപിച്ചു. അധ്യാപകര്‍ വീഴ്ച വരുത്തിയെന്ന് ഷഹലയുടെ പിതൃസഹോദരന്‍ ഷാജഹാന്‍ പറഞ്ഞു.

അതേസമയം ആരോപണവിധേയനായ ഷജില്‍ എന്ന അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. മറ്റ് അധ്യാപകര്‍ക്ക് മെമ്മോ നല്‍കാനും തീരുമാനമായിട്ടുണ്ട്.

ജില്ലാ കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ സ്‌കൂളിലെത്തി പ്രാഥമിക പരിശോധന നടത്തിയിരുന്നു. ഇവിടെവച്ച് വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്കെതിരേ ആരോപണം ആവര്‍ത്തിച്ച സാഹചര്യത്തിലാണ് ഉടനടി നടപടിയുണ്ടായത്. സ്‌കൂളിലെ മറ്റ് അധ്യാപകരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുമെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. പാമ്പ് കടിയേറ്റ് കുട്ടി മരിക്കാനിടയായ സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. സ്‌കൂളിലെത്തിയ ഡെപ്യൂട്ടി ഡയറക്ടറെ നാട്ടുകാര്‍ തടയുകയും ചെയ്തു.

ക്ലാസില്‍ പാമ്പ് ഉണ്ടെന്നും കടിച്ചത് പാമ്പ് ആണെന്നും അധ്യാപകരോട് പരാതിപ്പെട്ടിട്ടും നടപടി എടുത്തില്ലെന്ന് സഹപാഠികള്‍ പറയുന്നു. സ്വന്തമായി വാഹനമുള്ള അധ്യാപകര്‍ ഉണ്ടായിട്ടും കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറായില്ല.പിതാവ് വീട്ടില്‍ നിന്നെത്തയതിനു ശേഷം സ്വന്തം വാഹനത്തിലാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതെന്നും സഹപാഠികള്‍ പറയുന്നു.ബത്തേരി ഗവ. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹല ഷെറിനാണ്(10) കഴിഞ്ഞ ദിവസം മരിച്ചത്.

Top