ഷഹല ഷെറിന്റെ മരണം: അധ്യാപകരുടെയും ഡോക്ടറുടെയും മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്നു പരിഗണിക്കും

കൊച്ചി : വയനാട് സര്‍വജന സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അധ്യാപകരായ ഒന്നാം പ്രതി സി വി ഷജില്‍, മൂന്നാം പ്രതി വൈസ് പ്രിന്‍സിപ്പല്‍ കെ കെ മോഹനന്‍, ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോ. ജിസ മെറിന്‍ ജോയി എന്നിവരാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

ഷഹലയുടെ മരണത്തില്‍ അധ്യാപകര്‍ക്ക് കുറ്റകരമായ വീഴ്ച സംഭവിച്ചെന്നും ചികില്‍സ വൈകിപ്പിച്ചതില്‍ ഷജില്‍ എന്ന അധ്യാപകന് പങ്കുണ്ടെന്നുമുള്ള പോലിസ് റിപോര്‍ട്ടും കോടതി ഇന്ന് പരിഗണിക്കും. മനപൂര്‍വമല്ലാത്ത നരഹത്യയാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഷഹലയുടെ മരണം പാമ്പ് കടിച്ചാണെന്ന് സ്ഥിരീകരിക്കാന്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയിട്ടില്ലെന്നും ചികിത്സ ഉറപ്പാക്കുന്നതില്‍ ബോധപൂര്‍വ്വം വൈകിപ്പിക്കില്‍ ഉണ്ടാക്കിയിട്ടില്ലെന്നുമാണ് പ്രതികളുടെ വാദം.

മാതാപിതാക്കള്‍ പരാതിയില്ലെന്ന് എഴുതി നല്‍കിയിരുന്നു. എന്നാല്‍ ഗുരുതരമായി വീഴ്ചയാണ് സംഭവിച്ചത് എന്ന സ്പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലിസ് നടപടി. നേരത്തെ സംഭവത്തില്‍ കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകി എന്ന് കണ്ടെത്തിയതിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് പ്രധാനാധ്യാപകനെയും പ്രിന്‍സിപ്പലിനെയും സസ്പെന്‍ഡ് ചെയ്യുകയും പിടിഎ പിരിച്ചുവിടുകയും ചെയ്തിരുന്നു.

നവംബർ 20ന് വൈകീട്ട് മൂന്ന് മണിയോടെയാണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഷഹ്‌ല ഷെറിന് ക്ലാസ് മുറിയിൽ വച്ച് പാമ്പ് കടിയേറ്റത്. കാലിൽ ആണി തറച്ചതാണെന്ന് കരുതി വിദ്യാർത്ഥിക്ക് വേണ്ട സമയത്ത് ചികിത്സ നൽകാൻ അധ്യാപകർ തയ്യാറായില്ല. കുട്ടിയുടെ പിതാവ് എത്തി ആശുപത്രിയിൽ കൊണ്ടുപോകുമെന്ന നിലപാടാണ് അധ്യാപകർ സ്വീകരിച്ചത്.

കുട്ടിയുടെ പിതാവെത്തി ആദ്യം സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് എത്തിച്ചത്. ചികിത്സാ സൗകര്യങ്ങൾ പരിമിതമായിരുന്നതിനാൽ താലൂക്ക് ആശുപത്രിൽ എത്തിച്ചു. അവിടെ വച്ച് കുട്ടി ഛർദ്ദിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. മെഡിക്കൽ കോളജിൽ എത്തുന്നതിന് മുൻപ് കുട്ടി മരിച്ചിരുന്നു.

Top