ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നെന്ന് പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്: പ്രധാന മന്ത്രി നരേന്ദ്ര മോദിയെ ചര്‍ച്ചയ്ക്ക് വിളിച്ച് പാകിസ്താന്‍ നിയുക്ത പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യുവാനാണ് മോദിയെ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. എല്ലാ അന്താരാഷ്ട്ര വേദികളിലും കശ്മീര്‍ വിഷയം ഉന്നയിക്കും. സമാധാനമായി പ്രശ്‌നം പരിഹരിക്കണമെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. പാര്‍ലമെന്റിലെ പ്രസംഗത്തിനിടെയായിരുന്നു ഷഹബാസ് ഷെരീഫിന്റെ പ്രതികരണം.

ഇന്ത്യയുമായി പാകിസ്താന്‍ നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്. ദാരിദ്യത്തിനെതിരെ ഒരുമിച്ച് പോരാടണം. ചൈനയും സൗദി അറേബ്യയും തുര്‍ക്കിയും വളരെ അടുത്ത സുഹൃത്തുക്കളാണ്. അമേരിക്കയുമായും ആണവായുധ-എതിരാളികളായ ഇന്ത്യയുമായുളള മികച്ച ബന്ധം പാകിസ്താന് ആവശ്യമാണെന്നും ഷഹബാസ് ഷെരീഫ് പറഞ്ഞു.

പാകിസ്താന്റെ പുതിയ പ്രധാനമന്ത്രിയായി ഷഹ്ബാസ് ഷെരീഫിനെ എതിരില്ലാതെയാണ് തിരഞ്ഞെടുത്തത്. 174 പേരുടെ പിന്തുണയോടെയാണ് ഷഹബാസ് അധികാരം പിടിച്ചത്. ദൈവം പാകിസ്ഥാനെ രക്ഷിച്ചുവെന്നും പാകിസ്താന്‍ ജനത ഈ ദിവസം ആഘോഷിക്കുമെന്നും ഷഹബാസ് ഷെരീഫ് പറഞ്ഞു. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനും പ്രതിപക്ഷ പിഎംഎല്‍-എന്‍ നേതാവുമാണ് ഷെഹ്ബാസ് ഷെരീഫ്. പാകിസ്താന്‍ മുസ്ലിം ലീഗിലെ നവാസ് പക്ഷത്തിന്റെ പ്രസിഡന്റാണ് മിയാ മുഹമ്മദ് ഷഹബാസ് ഷെരീഫ്. നിലവില്‍ പാക് നാഷണല്‍ അസംബ്ലിയുടെ പ്രതിപക്ഷ നേതാവാണ് അദ്ദേഹം. ഇതിനു മുമ്പ് മൂന്ന് തവണ പഞ്ചാബ് പ്രൊവിന്‍സിന്റെ മുഖ്യമന്ത്രിയായിരുന്നു.

Top