ലിയോ ചിത്രത്തിനായി കാത്തിരിക്കുന്നെന്ന് ഷാരൂഖ്

വിജയ് സാറിനെ സ്‌നേഹിക്കുന്നെന്ന് ഷാരൂഖ് ; തിരിച്ചും സ്‌നേഹമെന്ന് വിജയ്. ട്വിറ്ററില്‍ ഇപ്പോള്‍ ട്രെന്‍ഡിങ് ആയ വാചകമാണ് ഇത്. അതിന് പിന്നിലെ കഥ ഇതാണ്. അറ്റ്‌ലി -ഷാരൂഖ് ചിത്രം ജവാന്‍ ആയിരം കോടി ക്ലബിലെത്തിയതിന് പിന്നാലെ ഷാരൂഖിനും ടീമിനും അഭിനന്ദനം അറിയിച്ച് വിജയ് ഫാന്‍സ് അസോസിയേഷന്റെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്ന് ആരാധകര്‍ പോസ്റ്റ് ഇട്ടു. ഇത് ശ്രദ്ധയില്‍പ്പെട്ട ഷാരൂഖ് വിജയ് ഫാന്‍സിനെ നന്ദി അറിയിച്ചു. ഒപ്പം ദളപതിയുടെ ലിയോയ്ക്കായി കാത്തിരിക്കുന്നെന്നും വിജയ് സാറിനെ സ്‌നേഹിക്കുന്നെന്നും കുറിച്ചു.

തിരിച്ചും സ്‌നേഹം സാര്‍… ജവാന്റെ ബ്ലോക്ക് ബസ്റ്റര്‍ വിജയത്തിന് അഭിനന്ദനമെന്ന് വിജയ് യും മറുപടി നല്‍കി. അതേസമയം ഓഡിയോ ലോഞ്ച് ഒഴിവാക്കിയതിന് പിന്നാലെ ലിയോയിലെ രണ്ടാമത്തെ ഗാനം ഇന്ന് എത്തും. വൈകിട്ട് ആറിനാണ് സിംഗിള്‍ റിലീസ്. ആദ്യ സിംഗിള്‍ നാ റെഡി താന്‍ വരവാ.. ഹിറ്റും പിന്നാലെ വിവാദവുമായിരുന്നു.ഗാനരംഗത്തിലെ ലഹരി വസ്തുക്കളുടെ ഉപയോഗമാണ് വിവാദത്തിനിടയാക്കിയത്. ഈ രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ലിയോയില്‍ ആകെ രണ്ട് പാട്ടുകളാണുള്ളത്.ചിത്രം ഒക്ടോബര്‍ 19 ന് തീയേറ്ററുകളിലെത്തും

നേരത്തെ സംവിധായകന്‍ ലോകേഷ് കനകരാജിനോടും ഷാരൂഖ് ലിയോയ്ക്കായി കാത്തിരിക്കുകയാണെന്ന് അറിയിച്ചിരുന്നു. ജവാന്റെ തമിഴ് പതിപ്പ് കണ്ട് അഭിപ്രായം അറിയിക്കണമെന്നും ഷാരൂഖ് ലോകേഷിനോട് ആവശ്യപ്പെട്ടിരുന്നു.

 

 

 

Top