ഗാംഗുലിയെ പുറത്താക്കാന്‍ ഷാരൂഖ് ഖാന്‍ പറഞ്ഞിരുന്നുവെന്ന് അഭിജിത് ഭട്ടാചാര്യ

ന്യൂഡല്‍ഹി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമില്‍ നിന്നും ഗാംഗുലിയെ പുറത്താക്കാന്‍ ഷാരൂഖ് ഖാന്‍ പറഞ്ഞിരുന്നുവെന്ന് പ്രശസ്ത ഗായകന്‍ അഭിജിത് ഭട്ടാചാര്യ. ഗാംഗുലിയോട് ഷാരൂഖ് ഖാന്‍ മോശമായാണ് പെരുമാറിയിരുന്നത്. ഇത് ദാദയുടെ മനോവീര്യം കെടുത്തിയെന്നും ആരോപണം. വര്‍ഷങ്ങള്‍ക്കുശേഷമാണ് കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സും സൗരവ് ഗാംഗുലിയും തമ്മിലുള്ള പ്രശ്‌നത്തില്‍ ഒരു പ്രതികരണമുണ്ടാകുന്നത്.
ഐപിഎല്ലിന്റെ ആദ്യ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിന്റെ ക്യാപ്റ്റനായിരുന്നു സൗരവ് ഗാംഗുലി. എന്നാല്‍ ടീമിന് സെമിയിലെത്താന്‍ പോലും സാധിച്ചില്ല. ഇതോടെ 2009ല്‍ ഗാംഗുലിയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും നീക്കി. 2011 ലെ താരലേലത്തിനു മുന്‍പ് കൊല്‍ക്കത്ത ടീമില്‍നിന്നും ഗാംഗുലിയെ പുറത്താക്കി. ലേലത്തില്‍ ആരും വാങ്ങാതിരുന്ന ഗാംഗുലി ഫാസ്റ്റ് ബോളര്‍ ആശിഷ് നെഹ്‌റയ്ക്കു പകരക്കാരനായി പൂണൈ വാരിയേഴ്‌സില്‍ ഇന്ത്യയിലാണു കളിച്ചത്.
‘ഷാരൂഖ് ഖാന്‍ കെകെആര്‍ ഉണ്ടാക്കുകയും ഗാംഗുലിയെ നീക്കുക്കയും ചെയ്തു. അതിനു വേണ്ടി മാത്രമാണ് അദ്ദേഹം വന്നതെന്നാണ് തോന്നുന്നത്. ക്രിക്കറ്റില്‍ ക്യാപ്റ്റന്റെ ചുമതലയെന്തെന്ന് കാട്ടിത്തന്ന വ്യക്തിത്വമാണ് അദ്ദേഹം. എന്നാല്‍ ടീമിലെ മറ്റു ചിലരുടെ താല്പര്യങ്ങള്‍ ദാദയുടെ മനോവീര്യം കെടുത്തുന്നതായിരുന്നുവെന്നും അഭിജിത് ഭട്ടാചാര്യ പറഞ്ഞു.

Top