Shah Rukh Khan should have returned from US, says Shiv Sena

മുംബൈ : യുഎസ് വിമാനത്താവളത്തില്‍ ഉണ്ടായ അപമാനം കണക്കിലെടുത്ത് ബോളിവുഡ് നടന്‍ ഷാറൂഖ് ഖാന്‍ എത്രയും പെട്ടെന്ന് ഇന്ത്യയിലേക്കു മടങ്ങിവരണമെന്നു ശിവസേന.

ഷാറൂഖ് അങ്ങനെ ചെയ്താല്‍ അതു യുഎസിന്റെ ചെകിട്ടത്ത് അടിക്കുന്നതിനു തുല്യമാണെന്നും മുഖപത്രമായ സാമ്‌നയിലെഴുതിയ ലേഖനത്തില്‍ ശിവസേന പറയുന്നു.

യുഎസിലെ മിക്ക വിമാനത്താവളങ്ങളിലും ഷാറൂഖ് അപമാനിതനാവുകയാണ്. എന്നിട്ടും വീണ്ടും വീണ്ടും അപമാനിതനാവാന്‍ വേണ്ടി യുഎസിലേക്കു പോകുന്നു.

ഓരോ തവണയും തന്നെ അപമാനിക്കുന്ന രാജ്യത്തില്‍ തുടരാന്‍ താല്‍പര്യമില്ലെന്നു പറഞ്ഞ് ഷാറൂഖ് നാട്ടിലേക്കു മടങ്ങിവരണം. എല്ലാ മുസ്ലിംങ്ങളെയും ഭീകരവാദികളായി കാണുന്ന യുഎസിനു അതൊരടിയായിരിക്കുമെന്നും മുഖപത്രം പറയുന്നു.

ഇന്നലെയാണു ലൊസാഞ്ചലസ് വിമാനത്താവളത്തില്‍ ഷാറൂഖ് ഖാനെ തടഞ്ഞുവച്ചത്. സുരക്ഷാ കാരണങ്ങളാല്‍ യാത്ര അനുവദിക്കാന്‍ പാടില്ലാത്തവരുടെ പട്ടികയില്‍ ഷാറുഖ് ഖാന്‍ എന്ന പേരുള്ളതാണ് സൂപ്പര്‍ താരത്തെ തടഞ്ഞുവയ്ക്കാന്‍ കാരണമായത്.

ഇതു മൂന്നാംതവണയാണ് യുഎസിലെ വിമാനത്താവളത്തില്‍ ഷാറൂഖിനെ തടഞ്ഞുവയ്ക്കുന്നത്. ന്യൂജഴ്‌സിയില്‍ 2009ലും ന്യൂയോര്‍ക്കില്‍ 2012 ഏപ്രിലിലും മണിക്കൂറുകളോളം തടഞ്ഞുവച്ചത് വിവാദമായിരുന്നു.

Top