സിനിമ ജീവിതത്തില്‍ 28 വര്‍ഷം; ആരാധകര്‍ക്ക് നന്ദി പറഞ്ഞ് കിംഗ് ഖാന്‍

മുംബൈ: ബോളിവുഡിലെ താരരാജാവ് ഷാരൂഖ് ഖാന്‍ സിനിമയില്‍ ജൈത്ര യാത്ര തുടങ്ങിയിട്ട് ഇന്ന് 28 വര്‍ഷം പൂര്‍ത്തിയാകുന്നു. ഈ അവസരത്തില്‍ താരം ആരാധകര്‍ക്ക് നന്ദി പറഞ്ഞ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഹൃദ്യമായ കുറിപ്പ് വൈറലാകുകയാണ്.

‘നിങ്ങളെ ആനന്ദിപ്പിക്കാന്‍ ഇത്രയധികം വര്‍ഷങ്ങള്‍ അനുവദിച്ചതിന് നന്ദി’- ഷാരൂഖ് കുറിച്ചു.

‘എങ്ങിനെയാണ് എന്റെ അഭിനിവേശം എന്റെ ആവശ്യമായും പിന്നീട് തൊഴിലായും മാറിയതെന്ന് അറിയില്ല. ഇത്രയധികം വര്‍ഷങ്ങള്‍ നിങ്ങളെ ആനന്ദിപ്പിക്കാന്‍ അനുവദിച്ചതിന് നന്ദി. ഞാന്‍ വിശ്വസിക്കുന്നു, ഐന്റ പ്രഫഷണലിസത്തെക്കാളധികം ഐന്റ അഭിനിവേശം കാരണം ഇനിയും കുറേ വര്‍ഷങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ടാകും. 28 വര്‍ഷം പൂര്‍ത്തിയായി, അത് തുടരുന്നു…’- ഷാരൂഖ് എഴുതി. പോസ്റ്റിനൊപ്പം നല്‍കിയിരിക്കുന്ന ഫോട്ടോ പകര്‍ത്തിയ ഭാര്യ ഗൗരിക്കും ഷാരൂഖ് നന്ദി പറയുന്നുണ്ട്. ‘ഈ നിമിഷം ഒപ്പിയെടുത്തതിന് നന്ദി, ഗൗരി ഖാന്‍’.

1980കളില്‍ ടി.വി സീരിയലുകളില്‍ അഭിനയിച്ചു കൊണ്ടാണ് ഷാരൂഖ് ഖാന്‍ അഭിനയ ജീവിതം തുടങ്ങുന്നത്. ‘ഫൗജി’, ‘സര്‍ക്കസ്’ തുടങ്ങിയ പരമ്പരകളിലെ പ്രകടനം പിന്നീട് ബോളിവുഡിലെത്തിച്ചു. 1992ല്‍ ഇറങ്ങിയ ‘ദീവാന’ ആണ് ആദ്യത്തെ സിനിമ. തുടര്‍ന്ന് ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ, കുച്ച് കുച്ച് ഹോതാ ഹെ,ചക് ദേ ഇന്ത്യ, ഓം ശാന്തി ഓം, കല്‍ ഹോ ന ഹോ, മേം ഹൂം ന, വീര്‍ സറ, റബ്‌നേ ബനാ ദി ജോഡി, മൈ നയിം ഈസ് ഖാന്‍, കഭി ഖുശി കഭി ഗം, കഭി അല്‍വിദ ന കഹന തുടങ്ങി നിരവധി വിജയചിത്രങ്ങള്‍ ഷാരൂഖിന്റേതായുണ്ടായി.

2018ല്‍ ഇറങ്ങിയ ‘സീറോ’ക്ക് ശേഷം അദ്ദേഹത്തിന്റെ സിനിമകളൊന്നും റിലീസ് ചെയ്തിട്ടില്ല. 2000 മുതല്‍ ഷാരൂഖ് ഖാന്‍ ടെലിവിഷന്‍ അവതരണം, സിനിമ നിര്‍മ്മാണം എന്നിവയിലേക്കും തിരിഞ്ഞു. അദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ ഡ്രീംസ് അണ്‍ലിമിറ്റഡ്, റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റ് എന്നീ രണ്ട് സിനിമാ നിര്‍മ്മാണ സ്ഥാപനങ്ങളും ഉണ്ട്.

Top