ജർമ്മനിയിൽ ‘കെജിഎഫ് 2’വിനെ മറികടന്ന് ‘പഠാൻ’

ഷാരൂഖ് ഖാൻ ചിത്രം പഠാനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ബോളിവുഡ് സിനിമാസ്വാദകർ. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം റിലീസിനെത്തുന്ന ഷാരൂഖ് ഖാൻ ചിത്രം ബോളിവുഡിന് വൻ മുതൽക്കൂട്ടാകും എന്നാണ് കണക്ക് കൂട്ടലുകൾ. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന പ്രമോഷൻ മെറ്റീരിയലുകളും അപ്ഡേറ്റുകളും ഏറെ ആവേശത്തോടെയാണ് എസ്ആർകെ ഫാൻസ് ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ ജർമ്മനിയിൽ പ്രീ ബുക്കിങ്ങിലൂടെ ‘കെജിഎഫ് 2’ വിന്റെ മുഴുവൻ കളക്ഷൻ തുകയെയും പഠാൻ മറികടന്നുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

ജർമ്മനിയിൽ പ്രീ ബുക്കിങ്ങിലൂടെ പഠാന്‍1,50,000 യൂറോ നേടിയെന്നാണ് വിവരങ്ങള്‍. ഇതോടെ ‘കെജിഎഫ് 2’ ന്റെ ലൈഫ് ടൈം കളക്ഷന്‍ ആണ് ഷാരൂഖ് ഖാൻ ചിത്രം തകര്‍ത്തിരിക്കുന്നത്. 1,44,000 യൂറോയാണ് കെജിഎഫ് 2വിന്റെ കളക്ഷൻ. 1,55,000 യൂറോ നേടി മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനാണ് ഒന്നാമത്. റിലീസിന് മുന്നോടിയായുള്ള പഠാന്റെ കുതിപ്പ് പ്രേക്ഷകരിൽ ആവേശം തീർക്കുകയാണ്.

ജനുവരി 25-ന് പഠാൻ തിയറ്ററുകളിൽ എത്തും. ദീപിക പദുക്കോൺ നായികയായി എത്തുന്ന ചിത്രത്തിൽ ജോൺ എബ്രഹാം പ്രതിനായക വേഷത്തിൽ എത്തുന്നുണ്ട്. ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന പഠാന്‍ സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്.

Top