ഷാരൂഖ് ഖാന്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ ലഹരിമരുന്ന് പഞ്ചസാരയാകും; മഹാരാഷ്ട്ര മന്ത്രി ഛഗന്‍ ഭുജ്ബല്‍

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ലഹരിമരുന്ന് കേസില്‍ ജയിലിലായ സംഭവത്തില്‍ വിവാദ പ്രസ്താവനയുമായി മഹാരാഷ്ട്ര മന്ത്രി. ബിജെപിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഛഗന്‍ ഭുജ്ബലിന്റെ പ്രസ്താവനയിലുള്ളത്. ഷാരൂഖ് ഖാന്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ ലഹരിമരുന്ന് പഞ്ചസാരപ്പൊടിയാകുമെന്നാണ് മഹാരാഷ്ട്ര മന്ത്രിയുടെ പ്രസ്താവന.

ആഡംബര കപ്പലില്‍ ലഹരി കണ്ടെത്തിയതിനേ തുടര്‍ന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്ത ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ നിലവില്‍ ജയിലില്‍ കഴിയുകയാണ്. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് 3000 കിലോ ലഹരിമരുന്ന് കണ്ടെത്തിയതില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാതെ എന്‍സിബി ഷാരൂഖ് ഖാന് പിന്നാലെയാണുള്ളതെന്നും എന്‍സിപി നേതാവ് കൂടിയായ ഛഗന്‍ ഭുജ്ബല്‍ ആരോപിച്ചു.

മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ ഒരു പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 23കാരനായ ആര്യന്‍ ഖാന്‍ നിരന്തമായി ലഹരി കച്ചവടക്കാരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നുവെന്നാണ് ജാമ്യം നിഷേധിച്ച് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ആഡംബര കപ്പലില്‍ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയത് ആര്യന്‍ ഖാന്റെ പക്കല്‍ നിന്നല്ലെന്ന് എന്‍സിബി നേരത്തെ വ്യക്തമാക്കിയിരുന്നു.

Top