ഈ നിര്‍ഭാഗ്യകരമായ നഷ്ടത്തില്‍ നിന്നും അവന്‍ മോചിതനാകട്ടെ, നിനക്കൊപ്പം ഞങ്ങളുണ്ട് ‌

പുതപ്പിനടിയില്‍ ചലനമറ്റുകിടക്കുന്ന അമ്മയെ ഉണര്‍ത്താന്‍ശ്രമിക്കുന്ന രണ്ടുവയസ്സുകാരന്റെ മുഖം ആരും തന്നെ മറന്ന് കാണില്ല. അമ്മ ഉറങ്ങുകയാണെന്നുകരുതി പുതപ്പിനടിയിലേക്ക് നൂണ്ടുകയറി ഒളിച്ചുകളിക്കാന്‍ ശ്രമിക്കുന്ന ആ കുഞ്ഞിനെ വലിച്ചിഴച്ചുമാറ്റാന്‍ ശ്രമിക്കുന്ന മൂത്തകുട്ടി. സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ച ഈ ദൃശ്യങ്ങള്‍ രാജ്യത്തെ അന്യസംസ്ഥാന തൊഴിലാളി കുടുംബങ്ങളുടെ പലായനത്തിന്റെ ഹൃദയഭേദകമായ കാഴ്ചകളിലൊന്നായിരുന്നു.

ബിഹാറിലെ മുസഫര്‍പുര്‍ റെയില്‍വേസ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലാണ് ഈ സംഭവം അരങ്ങേറിയത്. ഈ കാഴ്ച രാജ്യത്തെ കണ്ണീരണിയിച്ചു. ഇപ്പോഴിതാ ഈ കുഞ്ഞിനെ ഏറ്റെടുക്കാന്‍ സന്നദ്ധതയറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഷാരൂഖ് ഖാന്റെ മീര്‍ ഫൗണ്ടേഷനാണ് കുഞ്ഞിനെ ഏറ്റെടുത്തിരിക്കുന്നത്. ‘ആ കുഞ്ഞിനെ അറിയാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി. ഏറ്റവും നിര്‍ഭാഗ്യകരമായ നഷ്ടത്തില്‍ നിന്നും മോചിതനാകാനുള്ള കരുത്ത് അവനുണ്ടാകാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കുകയാണ്. അവന്റെ വേദന എനിക്ക് മനസിലാവും. ഞങ്ങളുടെ സ്‌നേഹവും പിന്തുണയും നിനക്കൊപ്പമുണ്ട് കുഞ്ഞേ’- ഷാരൂഖ് കുറിച്ചു.

ഷാരൂഖിനെ അഭിനന്ദിച്ച് സിനിമാപ്രവര്‍ത്തകരും ആരാധകരുമടക്കം ഒട്ടനവധിപേരാണ് രംഗത്തെത്തിയത്. ഷാരൂഖ് ഈ മഹത്തായ പ്രവര്‍ത്തിയിലൂടെ വലിയൊരു മാതൃകയായി മാറിയിരിക്കുകയാണെന്നും അവര്‍ കുറിച്ചു.

Top