സാലാറിന്റെ റിലീസ്; ഷാരൂഖ് ഖാന്‍ ചിത്രം ‘ഡങ്കി’യുടെ കളക്ഷനിൽ ഇടിവ്

മുംബൈ: ഷാരൂഖ് ചിത്രം ഡങ്കി റിലീസായി രണ്ടാം നാള്‍ ആഗോള ബോക്സോഫീസ് കളക്ഷനില്‍ നൂറു കോടി കടന്നു. രണ്ട് ദിനത്തില്‍ ചിത്രം 102 കോടിയിലധികം നേടിയെന്ന് ഫിലിം ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലൻ പറയുന്നത്. വിഖ്യാത സംവിധായകന്‍ രാജ് കുമാര്‍ ഹിരാനിയുമായി ചേര്‍ന്ന് ബോളിവുഡിലെ ഏറ്റവും വിലയേറിയ താരമായ ഷാരൂഖ് ചെയ്യുന്ന ആദ്യത്തെ ചിത്രമാണ് ഡങ്കി. തപ്‌സി പന്നു, വിക്കി കൗശൽ, ബൊമൻ ഇറാനി എന്നിവരും ഡങ്കിയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

മനോബാല വിജയബാലന്റെ എക്സ് പോസ്റ്റ് പ്രകാരം ഡങ്കി റിലീസ് ദിവസം ആഗോളതലത്തില്‍ 57.43 കോടിയാണ് നേടിയത്. രണ്ടാം ദിനത്തില്‍ ചിത്രം 45.10 കോടിയാണ് നേടിയത്. ചിത്രത്തിന് ലഭിച്ച സമിശ്ര പ്രതികരണവും. എതിരാളിയായി ബോക്സോഫീസില്‍ സലാര്‍ എത്തിയതും ഡങ്കിയെ ബാധിച്ചുവെന്ന് കണക്കില്‍ നിന്നും വ്യക്തമാണ്. അതേ സമയം ക്രിസ്മസ് അവധി അടക്കം ഒരു ലോംഗ് വീക്കെന്റ് ലഭിക്കുന്നത് ചിത്രത്തെ തുണച്ചേക്കാം.

അതേ സമയം ചിത്രത്തിന്റെ ഇന്ത്യന്‍ കളക്ഷനിലും വെള്ളിയാഴ്ച ഇടിവ് വന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. ബോക്സോഫീസ് ട്രേഡ് സൈറ്റായ സാക്നില്‍ക്.കോം കണക്കുകള്‍ പ്രകാരം റിലീസ് ദിനത്തേക്കാള്‍ 31 ശതമാനം ഇടിവാണ് രണ്ടാം ദിനം ഇന്ത്യന്‍ ബോക്സോഫീസില്‍ ഡങ്കിക്ക് ഉണ്ടായിരിക്കുന്നത്. ആദ്യ ദിനം ഇന്ത്യന്‍ ബോക്സോഫീസില്‍ 29.2 കോടിയാണ് പടം നേടിയത് എങ്കില്‍ രണ്ടാം ദിനം അത് 20.12 കോടിയായി മാറി. ജവാനും, പഠാനും ആദ്യദിനത്തില്‍ തന്നെ 50 കോടി ക്ലബില്‍ എത്തിയ ഇടത്താണ് തുടര്‍ച്ചയായി മൂന്നാമത്തെ 1000 കോടി പ്രതീക്ഷിച്ചെത്തിയ ഷാരൂഖ് ചിത്രത്തിന്റെ കളക്ഷന്‍ ഇങ്ങനെ.

പ്രവചിക്കപ്പെട്ട പോലെ സലാറിന്റെ വരവാണ് ഡങ്കിയെ ബാധിച്ചത് എന്നാണ് വിവരം. നേരത്തെ ഡങ്കിക്ക് വേണ്ടി സലാറിന്റെ സ്ക്രീനുകള്‍ കുറച്ചു എന്നതടക്കം ആരോപണം വന്നിരുന്നെങ്കിലും അതൊന്നും ഡങ്കിയെ തുണച്ചില്ല. അതേ സമയം സലാര്‍ ആഗോളതലത്തില്‍ റിലീസ് ദിവസം 178 കോടി രൂപയോളമാണ് കളക്ഷന്‍ നേടിയത്.

റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്, ജിയോ സ്റ്റുഡിയോസ്, രാജ്കുമാർ ഹിരാനി എന്നിവർ സംയുക്തമായാണ് ഡങ്കിയുടെ നിർമ്മാണം. രാജ്കുമാർ ഹിരാനി, അഭിജാത് ജോഷി, കനിക ധില്ലൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. തങ്ങളുടെ ജീവൻ പോലും പണയപ്പെടുത്തി വിദേശത്തേക്ക് അനധികൃത കുടിയെറാനുള്ള ഇന്ത്യന്‍ യുവതയുടെ ശ്രമമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Top