തകര്‍ത്താടി ഷാരൂഖ് ഖാന്‍ ; ജവാനിലെ ആദ്യഗാനം റിലീസ് ചെയ്തു

ഷാരൂഖ് ഖാന്റേതായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ‘ജവാന്‍’.അറ്റ്‌ലി ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിലെ ആദ്യഗാനം റിലീസ് ചെയ്തു. ‘സിന്ദാ ബന്ദാ’ എന്നഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. അനിരുദ്ധ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്.’സിന്ദ ബാന്ദ’ ഗാനത്തിന്റെ കൊറിയോഗ്രാഫി ഷോബിയാണ് നിര്‍വഹിച്ചിരിക്കുന്നത്. ഡപ്പാം കൂത്ത് സ്‌റ്റൈലില്‍ തകര്‍ത്താടുന്ന ഷാരൂഖിനെ ഗാനരംഗത്ത് കാണാം. കളര്‍ഫുള്‍ ആയി ഗാനത്തില്‍ ഷാരൂഖിനൊപ്പം പ്രിയമണിയും ചുവടുവയ്ക്കുന്നുണ്ട്. ചെന്നൈ എക്‌സ്‌പ്രെസിലെ ലുങ്കി ഡാന്‍സിന് ശേഷം ഷാരുഖിനൊപ്പം പ്രിയാമണി ചുവടുവയ്ക്കുന്ന ഗാനം കൂടിയാണിത്.

ഹൈദരാബ്, ബംഗ്ലൂരു, മധുര, മുംബൈ എന്നിവടങ്ങളിലായിരുന്നു ചിത്രീകരണം. ഗാനരംഗത്തിന്റെ ബജറ്റ് 15 കോടിയാണ്. വിജയ് സേതുപതിയും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി ‘ജവാനി’ലുണ്ട്. നയന്‍താര നായികയായും ചിത്രത്തില്‍ എത്തുന്നു.ചിത്രത്തില്‍ ബോളിവുഡ് താരം ദീപിക പദുകോണ്‍ അതിഥി കഥാപാത്രമായി എത്തും. ചിത്രത്തില്‍ സാന്യ മല്‍ഹോത്ര, പ്രിയാ മണി, സഞ്ജീത ഭട്ടാചാര്യ, സുനില്‍ ഗ്രോവര്‍, റിദ്ധി ദോഗ്ര, അമൃത അയ്യര്‍ തുടങ്ങിവരും പ്രധാന വേഷങ്ങളിലെത്തുന്ന ‘ജവാന്‍’ ഷാരൂഖ് ഖാന് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ്.

ഷാരൂഖ് ഖാന്‍ ‘ജവാന്‍’ എന്ന ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. ‘റോ’യിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും ഒരു ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് റിപ്പോര്‍ട്ട്. ഒരു അന്വേഷണോദ്യോഗസ്ഥയായി നയന്‍താര വേഷമിടുന്ന ചിത്രം പ്രദര്‍ശനത്തിനെത്തുക സെപ്തംബര്‍ ഏഴിന് ആയിരിക്കും. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗൗരി ഖാന്‍ ആണ് നിര്‍മ്മാണം.

Top