ആര്യനെ കാണാന്‍ ആര്‍തര്‍ റോഡ് ജയിലില്‍ ഷാറുഖ് ഖാന്‍ എത്തി !

മുംബൈ: ആഡംബര കപ്പലിലെ ലഹരി വിരുന്ന് കേസില്‍ അറസ്റ്റിലായി മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന മകന്‍ ആര്യന്‍ ഖാനെ കാണാന്‍ ബോളിവുഡ് താരം ഷാറുഖ് ഖാനെത്തി. ഇന്ന് രാവിലെയാണ് ജലിയിലെത്തി ആര്യനെ കണ്ടത്.

ഒക്ടോബര്‍ രണ്ടിന് ആര്യന്‍ അറസ്റ്റിലായതിന് ശേഷം ആദ്യമായാണ് മകനെ കാണാന്‍ ഷാറുഖ് എത്തുന്നത്. കഴിഞ്ഞയാഴ്ച ഷാറുഖും ഭാര്യ ഗൗരി ഖാനും ആര്യനുമായി വിഡിയോ കോളില്‍ സംസാരിച്ചിരുന്നു.

കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ജയില്‍ സന്ദര്‍ശന നിയന്ത്രണങ്ങള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ലഘൂകരിച്ച ദിവസത്തിലാണ് ഷാറുഖിന്റെ ജയില്‍ സന്ദര്‍ശനം. നേരത്തേ, ജയിലില്‍ തടവുകാരെ കാണാന്‍ പുറത്തുനിന്നുള്ള ആരെയും അനുവദിച്ചിരുന്നില്ല. ഇപ്പോള്‍, രണ്ട് പേര്‍ക്ക് ജയിലില്‍ കഴിയുന്നയാളെ സന്ദര്‍ശിക്കാം.

അതേസമയം, ഇന്നലെ പ്രത്യേക കോടതി ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ആര്യന്‍ ഖാന്‍ സുഹൃത്തുമായി ചേര്‍ന്നു ലഹരി ഉപയോഗിക്കാന്‍ പദ്ധതിയിട്ടിരുന്നെന്ന മൊഴിയും, ലഹരി ഇടപാടുകാരുമായി നടത്തിയതെന്നു കരുതുന്ന വാട്‌സാപ് ചാറ്റുകളും കണക്കിലെടുത്താണ്‌ ജാമ്യാപേക്ഷ തള്ളിയത്.

Top