കിങ് ഖാൻ നിർമിക്കുന്ന ബോളിവുഡ് ചിത്രത്തിൽ ആലിയ ഭട്ടിനൊപ്പം റോഷന്‍ മാത്യുവും

ചോക്ക്ഡ്’ എന്ന അനുരാഗ് കശ്യപ് ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറിയ മലയാള താരം റോഷന്‍ മാത്യു വീണ്ടുമൊരു ബോളിവുഡ് ചിത്രമായെത്തുന്നു. ബോളിവുഡ് കിങ് ഖാൻ നിർമിക്കുന്ന ചിത്രത്തിലാണ് റോഷൻ അഭിനയിക്കാൻ പോകുന്നത്. റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ ഷാരൂഖ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായികയാകുന്നത് ആലിയ ഭട്ടാണ്. ‘ഡാര്‍ലിംഗ്‍സ്’ എന്നാണ് ചിത്രത്തിന്റെ പേര്. അമ്മ-മകള്‍ ബന്ധത്തിലൂന്നിയ കഥ പറയുന്ന ചിത്രത്തില്‍ മകളായി അലിയ ഭട്ടും അമ്മയായി ഷെഫാലി ഷായും എത്തുന്നു.

വിജയ് വര്‍മ്മയും റോഷന്‍ മാത്യുവുമാണ് മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റോഷന്റെ കഥാപാത്രത്തെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നവാഗതനായ ജസ്‍മീത് കെ റീന്‍ ആണ് ‘ഡാര്‍ലിംഗ്‍സ്’ സംവിധാനം ചെയ്യുന്നത്. ഫോഴ്സ് 2, ഫാനി ഖാന്‍, പതി പത്നി ഓര്‍ വോ എന്നീ ചിത്രങ്ങളുടെ രചന നിര്‍വ്വഹിച്ചത് ജസ്‍മീത് ആണ്.

മുംബൈയിലെ മധ്യവര്‍ഗ്ഗജീവിത പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ മാസമോ അടുത്ത മാസമോ ആരംഭിക്കും. ചിത്രം ഈ വര്‍ഷം തന്നെ തിയറ്ററുകളിലെത്തിക്കാനാണ് റെഡ് ചില്ലീസിന്‍റെ പദ്ധതിയെന്നാണ് സൂചന. പ്രീ-പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഈ ആഴ്ച ഉണ്ടാവുമെന്നും അറിയുന്നു.

Top