ബ്രഹ്മാസ്ത്രയിൽ ഷാരൂഖ് എത്തുന്നത് ‘വാനരാസ്ത്ര’യായി’ ; ദൃശ്യങ്ങൾ ചോർന്നു

ബോളിവുഡ് ബ്രഹ്മാണ്ഡ ചിത്രം ‘ബ്രഹ്മാസ്ത്ര’യില്‍ ഷാരൂഖ് ഖാന്‍ അതിഥി വേഷത്തിലെത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശരിവക്കുന്ന വീഡിയോകൾ പുറത്ത്. സിനിമയുടെ ടീസറും ട്രെയ്‌ലറും റിലീസ് ചെയ്തതോടെ ഷാരൂഖിന്റെ കഥാപാത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി. ചിത്രത്തിലെ ഷാരൂഖിന്റെ ‘വാനരാസ്ത്ര’ എന്ന കഥാപാത്രത്തിന്റെ ചില ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചോര്‍ന്നിരിക്കുകയാണിപ്പോള്‍. ചിത്രങ്ങളും വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ വന്‍ തോതില്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ചിത്രങ്ങള്‍ എങ്ങനെ ചോര്‍ന്നുവെന്ന കാര്യത്തില്‍ വ്യക്തതയില്ല.

സിനിമയുടെ ടീസര്‍ റിലീസ് ചെയ്തതിന് പിന്നാലെ ഷാരൂഖ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുവെന്ന് ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടിയിരുന്നു. 36 സെക്കന്റുകള്‍ മാത്രം വരുന്ന ടീസറില്‍ മുഖം വെളിപ്പെടുത്താത്ത ഒരാള്‍ ത്രിശൂലവുമായി ഒരു ഭീമന്‍ കല്ലിന് നേരെ നടന്ന് നീങ്ങുന്ന രംഗവും ഉണ്ടായിരുന്നു. ആ കഥാപാത്രം ഷാരൂഖ് ആണെന്നായിരുന്നു സാമൂഹിക മാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായിരുന്നത്.

ആലിയ ഭട്ടും റണ്‍ബിര്‍ കപൂറും നായിക-നായകന്മാരാകുന്ന ആദ്യത്തെ ചിത്രമാണ് ‘ബ്രഹ്മാസ്ത്ര’. റണ്‍ബിര്‍ ശിവ എന്ന കഥാപാത്രത്തെയും ആലിയ ഇഷ എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിക്കുന്നത്. അമിതാഭ് ബച്ചന്‍, നാഗാര്‍ജുന അക്കിനേനി, മൗനി റോയി, എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. മൂന്ന് ഭാഗമായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം ‘ബ്രഹ്മാസ്ത്ര ഒന്നാം ഭാഗം : ശിവ’ സെപ്റ്റംബര്‍ ഒമ്പതിനാണ് തിയേറ്ററുകളില്‍ എത്തുക.

 

Top