ഇന്ത്യ-പാക്ക് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒമാന് സാധിക്കും: പാക്ക് വിദേശകാര്യ മന്ത്രി

ന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ഒമാന് ഇടപെടലുകള്‍ നടത്താന്‍ കഴിയുമെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി മഖ്ദൂം ഷാ മഹ്മൂദ് ഖുറൈഷി. പാക്കിസ്ഥാനുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് ഇന്ത്യയെ പ്രേരിപ്പിക്കാന്‍ ഒമാന് കഴിയും എന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസത്തെ ഊദ്യോഗിക സന്ദര്‍ശനത്തിന് ഒമാനില്‍ എത്തിയപ്പോളാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഞങ്ങളുടെ അയല്‍ രാജ്യമാണ് ഇന്ത്യ. അവരുമായുള്ള ബന്ധം സാധാരണ നിലയില്‍ ആകണമെന്നതാണ് തങ്ങളുടെ ആഗ്രഹം എന്ന് പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. മേഖലയില്‍ സമാധാനവും ഭദ്രതയും ഉണ്ടാകണമെന്നതാണ് തങ്ങളുടെ ആവശ്യം. പാക്കിസ്ഥാനെ വിശ്വാസത്തിലെടുത്ത് ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് ഇന്ത്യയെ പ്രേരിപ്പിക്കാന്‍ ഒമാന്‍ തയാറായാല്‍ തങ്ങള്‍ക്ക് അത് സ്വീകാര്യമാണെന്നും ഖുറൈഷി പറഞ്ഞു.

ഞങ്ങളുമായുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നതില്‍ നിന്ന് ഇന്ത്യ പുറം തിരിഞ്ഞ് നില്‍ക്കുകയും മടി കാണിക്കുകയുമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ചര്‍ച്ചകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഒമാന് അതില്‍ മതിയായ ഇടപെടലുകള്‍ നടത്താന്‍ കഴിയുമെന്നും പാക്ക് വിദേശകാര്യ മന്ത്രി പറഞ്ഞു.

Top