നടപടിയും ചട്ടലംഘനവും പ്രതിപക്ഷത്തിന് മാത്രമാണോ ബാധകം; സ്പീക്കര്‍ക്കെതിരെ ഷാഫി

തിരുവനന്തപുരം: നാല് എംഎല്‍എമാരെ ശാസിച്ച സ്പീക്കറുടെ നടപടിയെ വിമര്‍ശിച്ച് ഷാഫി പറമ്പില്‍. നടപടിയും ചട്ടവും ലംഘനവും പ്രതിപക്ഷത്തിന് മാത്രമാണോ ബാധകമെന്ന് ചോദിച്ച ഷാഫി ഈ ശാസന ഏത് കസേരയില്‍ കയറിയിരുന്നാണ് പ്രഖ്യാപിച്ചതെന്ന് സ്പീക്കര്‍ ആലോചിക്കണമെന്നും പറഞ്ഞു.

പൊലീസ് തല തല്ലി പൊളിച്ചത് ഏത് ചട്ടപ്രകാരമാണെന്ന് ചോദിച്ച എം.എല്‍.എ അടിക്കുന്ന പൊലീസിനെ കണ്ടിട്ടുണ്ട്. കടിക്കുന്ന പൊലീസിനെ കാണുന്നത് ആദ്യമാണെന്നും ഷാഫി പറമ്പില്‍ പരിഹസിച്ചു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരാണു കസേരയും കംപ്യൂട്ടറും തകര്‍ത്തതെന്ന് ആലോചിക്കണമെന്നും ഷാഫി പറഞ്ഞു. കുറ്റം ചെയ്ത പ്രതികള്‍ക്കു സുഖജീവിതമാണ്. അവര്‍ക്കെതിരെ കുറ്റപത്രം പോലും സമര്‍പ്പിച്ചിട്ടില്ലെന്നും എം.എല്‍.എ കുറ്റപ്പെടുത്തി.

അതേസമയം നാല് പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നടപടിയെടുത്തത്;ബിജെപി അംഗമായ ഒ രാജഗോപാലിന്റെ ഉപദേശം കേട്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവച്ചു. പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഡയസിനു മുന്നിലെത്തി മുദ്രാവാക്യം വിളിച്ചു. അന്തസില്ലാത്ത സാഹചര്യത്തില്‍ തുടരാനാവില്ലെന്നു പറഞ്ഞ് സ്പീക്കര്‍ ചേംബറിലേക്ക് മടങ്ങി. മുഖ്യമന്ത്രി പോലും പറയാത്ത നടപടി ആരുടേതെന്ന് അറിയണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ഷാഫി പറമ്പില്‍ എംഎല്‍എക്ക് പൊലീസ് മര്‍ദ്ദനത്തില്‍ പരുക്കേറ്റ സംഭവത്തില്‍ ഇന്നലെ ഡയസിലെത്തി പ്രതിഷേധിച്ച റോജി എം ജോണ്‍, ഐ സി ബാലകൃഷ്ണന്‍, എല്‍ദോസ് കുന്നപ്പള്ളി, അന്‍വര്‍ സാദത്ത് എന്നിവര്‍ക്കെതിരെയാണ് സ്പീക്കറുടെ ശാസന.303ാം ചട്ടപ്രകാരമാണ് നടപടി. ഇവര്‍ സാമാന്യ മര്യാദയും ചട്ടങ്ങളും ലംഘിച്ചു. വ്യക്തിപരമായ നടപടിയല്ലെന്നും ജനാധിപത്യ സമൂഹത്തെ ബാധിക്കുന്ന നടപടികളിലാണ് ശിക്ഷയെന്നും സ്പീക്കര്‍ ശാസന നല്‍കിക്കൊണ്ട് പറഞ്ഞത്.

Top