നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തെ തള്ളി ഷാഫി പറമ്പില്‍

തിരുവനന്തപുരം: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിനെ പിന്തുണച്ച് രംഗത്ത് വന്ന യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയെ തള്ളി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ. സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കുന്ന ഒരു നിലപാടിനും യൂത്ത് കോണ്‍ഗ്രസ് പിന്തുണയുണ്ടാവില്ലെന്ന് ഷാഫി പറമ്പില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഏത് വിഷയത്തിലായാലും യൂത്ത് കോണ്‍ഗ്രസ്സ് നിലപാട് അതിന്റെ സംസ്ഥാന കമ്മിറ്റിയാണ് പറയേണ്ടത്. പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക യൂണിറ്റിന്റെ പ്രസിഡന്റ് സംഘടനയോട് ആലോചിക്കാതെ പറഞ്ഞ കാര്യങ്ങള്‍ യൂത്ത് കോണ്‍ഗ്രസ്സ് നിലപാടല്ലെന്ന് ഷാഫി പറമ്പില്‍ വ്യക്തമാക്കി. സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കുന്ന ഒരു നിലപാടിനും യൂത്ത് കോണ്‍ഗ്രസ്സ് പിന്തുണയുണ്ടാവില്ല. അതിനെ ശക്തമായി എതിര്‍ക്കുമെന്നും എംഎല്‍എ പറഞ്ഞു.

ബിഷപ്പ് ഉന്നയിച്ച് ആശങ്ക് സമൂഹ ആശങ്കയാണെന്നും പരാമര്‍ശത്തിന്റെ പേരില്‍ ബിഷപ്പിനെ വേട്ടയാടാന്‍ അനുവദിക്കില്ലെന്നുമായിരുന്നു യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റി പ്രതികരിച്ചത്. വിഷയത്തില്‍ നീതിയുക്തമായ അന്വേഷണം നടത്തി യാഥാര്‍ഥ്യങ്ങള്‍ പുറത്തു കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സിപിഐഎമ്മും ബിജെപിയും ഇക്കാര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും പാലാമണ്ഡലം കമ്മിറ്റി ആരോപിച്ചു.

Top