പോലീസിന്റെ ജാഗ്രത കുറവുമൂലമാണ് ഡ്രൈവര്‍ ജോമോന്‍ മുങ്ങിയതെന്ന് ഷാഫി പറമ്പില്‍ എം എല്‍ എ

തൃശൂർ: വടക്കഞ്ചേരി അപകടത്തിൽ ടൂറിസ്റ്റ് ബസ് ഓടിച്ച ഡ്രൈവര്‍ ജോമോന്റെ കാര്യത്തില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് ഷാഫി പറമ്പില്‍ എം എല്‍ എ ആരോപിച്ചു.അപകടത്തിന് ശേഷം, സംഭവസ്ഥലത്തും ആശുപത്രിയിലും സന്ദര്‍ശനം നടത്തവേ മാധ്യമങ്ങളും നാട്ടുകാരും ഡ്രൈവറെക്കുറിച്ച് അന്വേഷിച്ചിരുന്നു. പോലീസിനോടും ഇക്കാര്യം ചോദിച്ചു. വടക്കാഞ്ചേരി സ്റ്റേഷനില്‍ ജോമോന്‍ ഹാജരായിരുന്നുവെന്നും ചികിത്സക്ക് അയച്ചുവെന്നും പോലീസ് അറിയിച്ചു. എന്നാല്‍ പിന്നീട് ഇയാള്‍ ആശുപത്രിയില്‍ നിന്ന് മുങ്ങിയെന്ന റിപ്പോര്‍ട്ടുകളാണ് വന്നത്. ജോമോനെ പിന്നീട് ചവറയില്‍ നിന്നാണ് പിടികൂടിയത്. ചികിത്സക്ക് വിട്ട ജോമോനെ നിരീക്ഷിക്കുന്നതില്‍ പോലീസിന് ഗുരുതര വിഴ്ച വന്നു. അതാണ് ജോമോന്‍ ആശുപത്രിയില്‍ നിന്ന് മുങ്ങാന്‍ വഴി വച്ചതെന്നും ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി. ജോമോന്‍ മദ്യപിച്ചാണോ വണ്ടിയോടിച്ചതെന്നതടക്കമുള്ള പരിശോേധനകള്‍ക്ക് പോലീസിന്റെ വീഴ്ച തിരിച്ചടിയായെന്നും ആക്ഷേപമുയരുന്നുണ്ട്.

വടക്കാഞ്ചേരി അപകടത്തെ സംബന്ധിച്ച് പാലക്കാട് എൻഫോഴ്സ്മെൻറ് ആർ ടി ഒ അന്വേഷണ റിപ്പോർട്ട് തയാറാക്കി. റിപ്പോർട്ട് ട്രാൻസ്പോർട്ട്‌ കമ്മീഷണർക്ക് കൈമാറും. അപകടകാരണം ടൂറിസ്റ്റ് ബസിന്റെ അമിതവേഗതയും അശ്രദ്ധയുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കെഎസ്ആർടിസി ബസ് വേഗത കുറച്ചപ്പോൾ അമിത വേഗതയിലെത്തിയ ടൂറിസ്റ്റ് ബസിന് നിയന്ത്രിക്കാനായില്ല. കെ.എസ് ആർടിസി ബസ് ഡ്രൈവറുടെ ഭാഗത്ത് പിഴവില്ലെന്നും കെ എസ്ആർടിസി ബസ് വേഗത കുറച്ചപ്പോൾ വെട്ടിച്ച് മാറ്റാനുള്ള ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ ശ്രമമാണ് അപകടത്തിലേക്കെത്തിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ടൂറിസ്റ്റ്ബസിന്റെ സ്പീഡ്ഗവർണർ പ്രവർത്തന രഹിതമാക്കിയ നിലയിൽ ആയിരുന്നു. ട്രാഫിക് ചട്ടങ്ങളുടെയും മോട്ടോർ വാഹനനിയമങ്ങളുടെയും ലംഘനം ടൂറിസ്റ്റ് ബസിന്റെ ഭാഗത്ത് നിന്ന് സ്ഥിരീകരിച്ചെന്നും റിപ്പോർട്ട്. റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും.

Top