മോദി സര്‍ക്കാര്‍ കക്കാനിറങ്ങുമ്പോള്‍ പിണറായി സര്‍ക്കാര്‍ ഫ്യൂസ് ഊരി കൊടുക്കുന്നെന്ന് ഷാഫി പറമ്പില്‍

തിരുവനന്തപുരം: ഇന്ധനവിലവര്‍ധന നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. സാധാരണക്കാര്‍ നേരിടുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി.

മോദി സര്‍ക്കാര്‍ കക്കാനിറങ്ങുമ്പോള്‍ കേരളം ഫ്യൂസ് ഊരി കൊടുക്കരുതെന്നും ഷാഫി പറഞ്ഞു. കോണ്‍ഗ്രസിനെ വിമര്‍ശിക്കാനുള്ള ത്വരയാണ് സര്‍ക്കാരിനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് നികുതി ഭീകരതയാണ് നടക്കുന്നത്. 110 രൂപയ്ക്ക് പെട്രോള്‍ അടിച്ചാല്‍ 66 രൂപ നികുതിയാണ്. നികുതി നിശ്ചയിക്കുന്നത് സര്‍ക്കാരാണ്, എണ്ണ കമ്പനികളല്ലെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.

വില കൂടിയപ്പോള്‍ നികുതി വേണ്ടെന്ന് മുമ്പ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നതായും നാല് തവണ ഇത്തരത്തില്‍ വേണ്ടെന്ന് വെച്ചതായും ഷാഫി പറമ്പില്‍ സഭയെ അറിയിച്ചു. കോണ്‍ഗ്രസിനെതിരെ പറയുന്നതില്‍ പകുതിയെങ്കിലും ബി.ജെപിക്കെതിരെ പറയാന്‍ ഭരണപക്ഷം തയ്യാറാവണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.

അതേസമയം, ഇന്ധന വില വര്‍ധന ഗൗരവമുള്ള വിഷയമാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ സഭയില്‍ മറുപടി നല്‍കി. കേരളത്തില്‍ മാത്രമല്ല എല്ലാ സംസ്ഥാനങ്ങളിലും പെട്രോള്‍ വില വര്‍ധനവുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിനിടയില്‍ സംസ്ഥാനം ഇന്ധന നികുതി കൂട്ടിയിട്ടില്ല. ഇന്ധന വില നിയന്ത്രണം പെട്രോളിയം കമ്പനികള്‍ക്ക് നല്‍കിയത് യു.പി.എ സര്‍ക്കാരാണെന്നും കേന്ദ്ര സര്‍ക്കാരിനെതിരെ ഒരുമിച്ച് നില്‍ക്കണമെന്നും ധനമന്ത്രി പറഞ്ഞു.

Top