ഹെലികോപ്ടറിന് കൊടുക്കുന്ന വാടക കൊണ്ടെങ്കിലും പ്ലസ് വണ്‍ സീറ്റ് കൂട്ടുമോ ? സര്‍ക്കാരിനെ ട്രോളി ഷാഫി പറമ്പില്‍

തിരുവനന്തപുരം: നിയമസഭയില്‍ സര്‍ക്കാരിനെതിരെ പരിഹാസ അമ്പുതൊടുത്ത് എംഎല്‍എ ഷാഫി പറമ്പില്‍ ഹെലികോപ്ടറിന് കൊടുക്കുന്ന വാടക ഉപയോഗിച്ചെങ്കിലും പ്ലസ് വണ്‍ സീറ്റ് കൂട്ടണമെന്നായിരുന്നു ഷാഫി പറമ്പില്‍ പരിഹസിച്ചത്.

അതേസമയം, അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. പ്ലസ് വണ്‍ സീറ്റിലെ അപര്യാപ്തത ചൂണ്ടിക്കാട്ടി പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയത്.

എന്നാല്‍, സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് അധിക സീറ്റ് അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു. ഏഴ് ജില്ലകളില്‍ 20 ശതമാനം പ്ലസ് വണ്‍ സീറ്റ് വര്‍ധിപ്പിച്ചതായും മന്ത്രി വി.ശിവന്‍കുട്ടി നിയമസഭയില്‍ വ്യക്തമാക്കി. സാമ്പത്തിക സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ അധിക ബാച്ച് അനുവദിക്കാനാകില്ലെന്നും പത്താംക്ലാസ് പാസായ എല്ലാവര്‍ക്കും പ്ലസ് വണ്‍ പ്രവേശനം നല്‍കാനാകില്ലെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു. രണ്ടാമത്തെ അലോട്ട്‌മെന്റോടെ അപേക്ഷിച്ച എല്ലാവര്‍ക്കും പ്രവേശനം ലഭിക്കും. വിഎച്ച്എസ്എസ്ഇ, ഐടിഐ മേഖലയില്‍ ഒരു ലക്ഷത്തോളം സീറ്റുകളുണ്ട്. ഈ മാസം 20ന് മാത്രമേ ആവശ്യമായ സീറ്റുകളുടെ ലഭ്യത അറിയാന്‍ കഴിയൂ’ എന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.

Top