‘എസ്എഫ്‌ഐ ഗുണ്ടകൾ അരാജകത്വം സൃഷ്ടിക്കുന്നു’; ഷാഫി പറമ്പിൽ

കൽപ്പറ്റ: വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫിസിലേക്ക് എസ്എഫ്‌ഐ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ എംഎൽഎ. അക്രമം നടത്തി എസ്എഫ്‌ഐ ഗുണ്ടകൾ നാട്ടിൽ അരാജകത്വം സൃഷ്ടിക്കുകയാണെന്ന് ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി. വയനാടിനെ സംബന്ധിക്കുന്ന എല്ലാ പ്രശ്‌നങ്ങളിലും എംപിയെന്ന നിലയിൽ രാഹുൽ ഗാന്ധി കൃത്യമായി ഇടപെടാറുണ്ട്. ഇതിലും രൂക്ഷമായ വിഷയങ്ങൾ ഉണ്ടായപ്പോഴും സംസ്ഥാനത്തെ ഒരു എംപിയുടെ ഓഫിസിനുനേരെയും അക്രമമുണ്ടായിട്ടില്ല. എസ്എഫ്‌ഐ ഇന്ന് ചെയ്തത് തോന്നിവാസവും ശുദ്ധതെമ്മാടിത്തവുമാണെന്ന് ഷാഫി പറമ്പിൽ ആഞ്ഞടിച്ചു.

ബഫർ സോൺ വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെയോ കൃത്യമായി ഇടപെടാൻ മറന്നുപോയ സംസ്ഥാന സർക്കാരിനെതിരെയോ ഒരു വരി പ്രതിഷേധം പോലും രേഖപ്പെടുത്താത്തവരാണ് ഇപ്പോൾ എം പിയുടെ ഓഫിസിന് നേരെ ആക്രമണം നടത്തുന്നത്. മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചതിന് വധശ്രമമെന്ന് പറഞ്ഞവരാണ് സംസ്ഥാനം ഭരിക്കുന്നത്. എം പിയുടെ ഓഫിസിന് നേരെ നടന്ന അക്രമത്തിനെതിരെ നടപടിയുണ്ടായില്ലെങ്കിൽ ഞങ്ങൾ ജനാധിപത്യപരമായി പ്രതിരോധിക്കും. ഷാഫി പറമ്പിൽ ട്വന്റിഫോറിനോട് പറഞ്ഞു.

ബഫർ സോൺ ഉത്തരവിൽ രാഹുൽ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചുള്ള എസ്എഫ്‌ഐ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. രാഹുൽഗാന്ധി എംപിയുടെ ഓഫീസിലേക്ക് പ്രവർത്തകർ തള്ളിക്കയറി. പൊലീസ് ലാത്തി വീശി.ഓഫീസിലേക്ക് പ്രവർത്തകർ തള്ളി കയറിയതോടെ പൊലീസ് ലാത്തിവീശി. എംപി യുടെ ഓഫീസിന്റെ ഷട്ടറുകൾക്ക് കേടുപാടുണ്ട്. രാഹുൽ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് അഗസ്റ്റിൻ പുൽപ്പള്ളിയെ മർദ്ദിച്ചതായി കോൺഗ്രസ് ആരോപിച്ചു. എസ്എഫ്‌ഐ പ്രവർത്തകരെ പറഞ്ഞയച്ചത് സിപിഐഎം എന്ന് ഡിസിസി പ്രസിഡന്റ് ആരോപിച്ചു.

Top