പ്രക്ഷുബ്ധമായി നിയമസഭ; മര്‍ദ്ദിച്ചത് പൊലീസിലെ സിപിഎം അനുകൂലികളെന്ന് വി.ടി.ബല്‍റാം

തിരുവനന്തപുരം: കേരള സര്‍വ്വകലാശാല മാര്‍ക്ക് ദാനത്തിനെതിരെ സമരം ചെയ്ത ഷാഫി പറമ്പില്‍ എംഎല്‍എ അടക്കമുള്ളവരെ പൊലീസ് മര്‍ദ്ദിച്ചതില്‍ പ്രതിപക്ഷം പ്രതിക്ഷേധം ഉയര്‍ത്തിയതോടെ സഭ പ്രക്ഷുബ്ധം.പൊലീസ് അതിക്രമത്തെ കുറിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വി.ടി.ബല്‍റാം എംഎല്‍എ അടിയന്തര പ്രമേയ നോട്ടിസ് നല്‍കി.

കെഎസ്‌യു സമരത്തിന് നേരെ ഉണ്ടായ പോലീസ് നടപടി ഹോം അഡീഷണല്‍ ചീഫ് സെക്രട്ടറി പരിശോധിക്കുമെന്ന് മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. കെഎസ്‌യു പ്രവര്‍ത്തകരുടെ പ്രകടനം അക്രമാസകത്മായപ്പോള്‍ പൊലീസ് ആദ്യം ജലപീരങ്കി ഉപയോഗിച്ചു. അതിന് ശേഷം അറസ്റ്റ് ചെയ പ്രവര്‍ത്തകരെ നീക്കാനായി ശ്രമിക്കുന്ന സമയത്ത് കെഎസ്‌യു പ്രവര്‍ത്തകര്‍ വാഹനത്തിന് മുമ്പിലേക്ക് വന്ന് പൊലീസിനെ ആക്രമിക്കുന്ന സ്ഥിതിയുണ്ടായി. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തിലാണ് ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് പരുക്കേറ്റത്. ആംബുലന്‍സില്‍ കയറ്റിയെങ്കിലും എംഎല്‍എ പുറത്തിറങ്ങി. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ആശുപത്രിയില്‍ പോകാന്‍ തയാറായില്ലെന്നും മന്ത്രി പറഞ്ഞു.

പൊലീസിലെ സിപിഎം അനുകൂലികളാണ് ഇന്നലത്തെ ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് വി.ടി ബല്‍റാം ആരോപിച്ചു. പിണറായിയുടെ പൊലീസും മോദിയുടെ പൊലീസും ഒരുപോലെയാണെന്നും അതിക്രൂരമായ മര്‍ദനമാണ് നടന്നതെന്നും മന്ത്രി പറഞ്ഞത് പൊലീസ് ഭാഷ്യമാണെന്നും വി.ടി. ബല്‍റാം എംഎല്‍എ തുറന്നടിച്ചു. എസിപി സുനീഷ് ബാബുവിന്റെ നേതൃത്വത്തില്‍ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നെന്നും ബല്‍റാം ആരോപിച്ചു. കെഎസ്‌യു പ്രവര്‍ത്തകരുടെ കൈ കടിച്ച് മുറിക്കുന്ന വാനരസേനയായി പിണറായി പോലീസ് മാറിയെന്നും പ്രതിപക്ഷം ആരോപണം ഉന്നയിച്ചു.

സര്‍വകലാശാലകളിലെ മാര്‍ക്കുദാന വിഷയത്തില്‍ സുതാര്യ അന്വേഷണവും വാളയാര്‍ കേസില്‍ സിബിഐ അന്വേഷണവും ആവശ്യപ്പെട്ട് കെഎസ്‌യു നടത്തിയ നിയമസഭാ മാര്‍ച്ചിലാണ് സംഘര്‍ഷം ഉണ്ടായത്. പൊലീസ് നടത്തിയ ലാത്തിചാര്‍ജില്‍ ഷാഫി പറമ്പില്‍ എംഎല്‍എയുടെ തലയ്ക്കും കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ കെ.എം. അഭിജിത്തിന്റെ കൈയ്ക്കും പരുക്കേറ്റു. ലാത്തിചാര്‍ജില്‍ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് കെഎസ്യു പ്രഖ്യാപിച്ചിരുന്നു.

Top