ആലപ്പുഴ കൊലപാതകങ്ങള്‍; പിണറായിക്കാലം ക്രിമിനലുകളുടെ വസന്തകാലമെന്ന് ഷാഫി പറമ്പില്‍

പാലക്കാട്: ആലപ്പുഴയിലെ എസ്.ഡി.പി.ഐ-ബിജെപി നേതാക്കളുടെ കൊലപാതകങ്ങളില്‍ ആഭ്യന്തരവകുപ്പിനെതിരേ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍.

പരാജയ സങ്കല്‍പ്പങ്ങളുടെ പൂര്‍ണതയാണ് കേരളത്തിന്റെ ആഭ്യന്തര മന്ത്രിയും വകുപ്പുമെന്ന് ഷാഫി പറഞ്ഞു. പിണറായിക്കാലം ക്രിമിനലുകളുടെ വസന്തകാലമായി മാറിയെന്നും മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിയണമെന്നും ഷാഫി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ആലപ്പുഴയിലെ വര്‍ഗ്ഗീയ കൊലപാതകങ്ങള്‍ നാടിന്റെ സമാധാനത്തെ കെടുത്തുകയാണ്. കേരളത്തില്‍ കഴിഞ്ഞ കുറേ നാളുകളായി ഗുണ്ടാ വിളയാട്ടം ഒരു തുടര്‍കഥയാവുകയാണ്. പരാജയ സങ്കല്‍പ്പങ്ങളുടെ പൂര്‍ണ്ണതയാണ് കേരളത്തിന്റെ ആഭ്യന്തര മന്ത്രിയും വകുപ്പും. പിണറായിക്കാലം ക്രിമിനലുകളുടെ വസന്തകാലമായി മാറി. മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിയണം.

നവംബര്‍ 17 ന് RSS കാരനായ സഞ്ജിത്തിനെ പാലക്കാട് വെച്ച് വെട്ടി കൊന്നു.

ഡിസംബര്‍ 2 ന് തിരുവല്ലയില്‍ വെച്ച് CPIM കാരനായ സന്ദീപിനെ വെട്ടി കൊന്നു.

ഡിസംബര്‍ 11 ന് തിരുവനന്തപുരത്ത് സുധീഷിനെ ലഹരി ക്വട്ടേഷന്‍ സംഘം വെട്ടി കൊന്നു കാല്പാദം വലിച്ചെറിഞ്ഞ സംഭവം ഞെട്ടിപ്പുക്കുന്നതായിരുന്നു .

ഡിസംബര്‍ 19 ന് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ആലപ്പുഴയില്‍ SDPIക്കാരനായ ഷാനിനെ വെട്ടി കൊന്നു. അതിന് ശേഷം BJP ക്കാരനായ രഞ്ജിത്തിനെയും വെട്ടി കൊന്നു

RSS -SDPI ഗുണ്ടാസംഘങ്ങള്‍ പരസ്പരം വെട്ടിക്കൊല്ലുമ്പോള്‍ കേരളത്തിന്റെ ആഭ്യന്തര മന്ത്രികൂടിയായ പിണറായി വിജയന്‍ ഗ്യാലറിയിലിരുന്നു കളി കാണുന്നു. ഭരണതുടര്‍ച്ച ക്രിമിനലുകള്‍ക്ക് എന്തും ചെയ്യുവാനുള്ള ലൈസന്‍സ് ആയി മാറിയിരിക്കുന്നു.

ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണത്തില്‍ ഇത്രയും രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടായിട്ടും അവയെ പ്രതിരോധിക്കുവാനോ കൊലപാതകത്തിന് നേതൃത്വം നല്കിയവരെയും ഉത്തരവിട്ടവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുവാന്‍ കഴിയാത്ത ആഭ്യന്തര മന്ത്രി നാടിന് ബാധ്യതയാണ്. മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിഞ്ഞ് നാട്ടില്‍ സമാധാനം പുന:സ്ഥാപിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് ആവശ്യപ്പെടുന്നു.

Top