യോഗ്യതയില്ലാത്തവര്‍ക്ക് മുഖ്യമന്ത്രിയേക്കാള്‍ ശമ്പളം, യോഗ്യതയുള്ളവര്‍ക്ക് ഒരു മുളം കയര്‍; ഷാഫി പറമ്പില്‍

പാലക്കാട്: പിഎസ്സി റാങ്ക് ലിസ്റ്റ് റദ്ദാക്കപ്പെട്ടതില്‍ മനംനൊന്ത് ഉദ്യോഗാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംഎല്‍എ. കേസില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനും പിഎസ്സി ചെയര്‍മാന്‍ രണ്ടാം പ്രതിയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഒഴിവുണ്ടായിട്ടും റാങ്ക് ലിസ്റ്റ് റദ്ദാക്കിയത് മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യവും, പിഎസ്സിയുടെ രാഷ്ട്രീയ നിലപാടും കാരണമാണെന്ന് എംഎല്‍എ കുറ്റപ്പെടുത്തി.

സംഭവത്തില്‍ നാളെ പിഎസ്സി ഓഫീസിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പട്ടിണി സമരം നടത്തും. യോഗ്യതയില്ലാത്തവര്‍ക്ക് മുഖ്യമന്ത്രിയേക്കാള്‍ ശമ്പളം, യോഗ്യതയുള്ളവര്‍ക്ക് ഒരു മുളം കയര്‍ എന്നതാണോ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് എന്നും അദ്ദേഹം ചോദിച്ചു. വ്യാജരേഖ സമര്‍പ്പിച്ചതായി കണ്ടെത്തിയ സാഹചര്യത്തില്‍ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനെ സര്‍ക്കാര്‍ അടിയന്തരമായി പുറത്താക്കണം. എന്ത് യോഗ്യതയാണ് ആ പദവിയിലിരിക്കാന്‍ മനോജ് കുമാറിനുള്ളതെന്നും അദ്ദേഹം ചോദിച്ചു.

ബാര്‍ കൗണ്‍സിലില്‍ അച്ചടക്ക നടപടി നേരിട്ടയാളാണ് കെവി മനോജ് കുമാര്‍. ബാലവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തുള്ള ഇദ്ദേഹത്തിന് അഭിഭാഷകനായി തുടരാന്‍ പോലും അര്‍ഹതയില്ലെന്നും ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി.

Top