ഷാഫി പറമ്പില്‍ മണ്ഡലം മാറിയേക്കും; എ.വി ഗോപിനാഥിന് സാധ്യത

ന്യൂഡല്‍ഹി: സംസ്ഥാനത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുന്നു. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട സ്‌ക്രീനിങ് സമിതി ഇന്നലെ വൈകുന്നേരം യോഗം ചേരുകയും എംപിമാരെ പ്രത്യേകമായി കേള്‍ക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കടുംപിടുത്തവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്തെത്തി.

കെ. ബാബുവിനും കെ.സി. ജോസഫിനും വേണ്ടിയാണ് ഉമ്മന്‍ ചാണ്ടി ശക്തമായി രംഗത്ത് വന്നത്. ഇരുവരേയും മത്സരിപ്പിക്കണമെന്നും ഒഴിവാക്കാന്‍ പാടില്ലെന്നുമുള്ള കര്‍ശനമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. തൃപ്പൂണിത്തുറയില്‍ കെ.ബാബുവിന് ജയസാധ്യതയുണ്ടെന്നും അദ്ദേഹത്തിലൂടെ മാത്രമേ സീറ്റ് തിരിച്ചുപിടിക്കാന്‍ സാധിക്കുകയുള്ളൂ എന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്.

കെ.സി. ജോസഫ് ഇരിക്കൂറില്‍ മത്സരിക്കാനില്ലെന്ന് അറിയിച്ച സാഹചര്യത്തില്‍ കാഞ്ഞിരപ്പള്ളി സീറ്റില്‍ പരിഗണിക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോന്നിയില്‍ റോബിന്‍ പീറ്ററെ മത്സരിപ്പിക്കണമെന്ന് അടൂര്‍ പ്രകാശും ആവശ്യപ്പെട്ടു.

അതേസമയം, ഷാഫി പറമ്പില്‍ പാലക്കാട് നിന്ന് മാറി മത്സരിച്ചേക്കും. പാലക്കാട് നിന്ന് പട്ടാമ്പിയിലേക്കാവും ഷാഫി പറമ്പില്‍ മാറുക. എ.വി. ഗോപിനാഥ് ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ തന്നെയാണ് മണ്ഡലം വിടാന്‍ ഷാഫിയെ പ്രേരിപ്പിക്കുന്നത്. എ.വി. ഗോപിനാഥിനെ പാലക്കാട് പരിഗണിച്ചേക്കും.

 

Top