‘മുഖ്യമന്ത്രിക്കു കെല്‍പ്പും ആര്‍ജവവും മനസ്സുമില്ല; നടപ്പാക്കുന്നത് മോദി മോഡല്‍’

തിരുവനന്തപുരം: പ്രതിപക്ഷം പറയുന്നത് കേട്ടിരിക്കാനുള്ള കെൽപ്പും ആർജവവും മനസ്സും കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഇല്ലെന്ന് ഷാഫി പറമ്പിൽ എംഎൽഎ. മോദി മോഡൽ ആണ് പിണറായി കേരള നിയമസഭയിൽ നടപ്പാക്കുന്നതെന്ന് ഷാഫി കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെയും വാച്ച് ആൻഡ് വാർഡിന്റെയും സ്പീക്കറുടെയുമൊക്കെ പ്രതികരണം കണ്ടാൽ, കേരളത്തിലെ പ്രതിപക്ഷ അംഗങ്ങൾക്കെതിരെ മുഖ്യമന്ത്രി വാച്ച് ആൻഡ് വാർഡിന് ക്വട്ടേഷൻ കൊടുത്തിരിക്കുകയാണെന്ന് തോന്നുന്നു. അത്തരത്തിലാണ് അവരുടെ ഇടപെടലുകളും പ്രതികരണവും. അതിന്റെ ഇടനിലക്കാരനായി സ്പീക്കർ നിൽക്കുന്നു- അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ നിർദേശം സ്പീക്കർ നടപ്പാക്കുകയാണ് ചെയ്യുന്നത്. സർക്കാരിന്റെ നയങ്ങളോടുള്ള വിയോജിപ്പ് രേഖപ്പെടുത്താൻ പ്രതിപക്ഷത്തിനു കഴിയുന്ന ഏക അവസരത്തെ ഇല്ലാതാക്കണമെന്ന് ആഗ്രഹിക്കുന്നത് നരേന്ദ്ര മോദിയുടെ ആരാധകരുടെ പണിയാണ്. ലോക്‌സഭയിലെ നരേന്ദ്ര മോദി മോഡൽ, നിയമസഭയിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നു. മോദിയും പിണറായിയും ഇക്കാര്യത്തിൽ ഭായിമാരാണ്. രണ്ടു പേരും പ്രതിപക്ഷ അവകാശത്തെ ഹനിക്കുന്ന കാര്യത്തിൽ മത്സരിച്ചുകൊണ്ടിരിക്കുന്നു- ഷാഫി പറമ്പിൽ പറഞ്ഞു.

Top