കുടുക്കപൊട്ടിച്ച് സര്‍ക്കാരിന് കൊടുത്ത കാശ് സക്കീറിന്; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഷാഫി പറമ്പില്‍

തിരുവനന്തപുരം: കുഞ്ഞു കുട്ടികള്‍ കുടുക്ക പൊട്ടിച്ച് ‘സര്‍ക്കാരിന് ‘ കൊടുത്ത കാശ്, ‘സക്കീറിന് ‘ പോകുന്നത് കണ്ടതുകൊണ്ടാണ് മുഖ്യമന്ത്രി, നാട്ടില്‍ ചോദ്യങ്ങള്‍ ഉയരുന്നത്… അഴീക്കോട് എംഎല്‍എ കെ എം ഷാജിക്കെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എം എല്‍ എയുമായ ഷാഫി പറമ്പില്‍. പ്രളയ ദുരിതാശ്വാസത്തിലെ പണം വകമാറ്റി ചെലവഴിച്ചത് ചൂണ്ടികാട്ടിയാണ് ഷാഫിയുടെ വിമര്‍ശനം.

കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയെ പരിഹിസിച്ച് പോസ്റ്റിട്ട ലീഗ് എംഎല്‍എ കെഎം ഷാജിക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ മറുപടിയെ വിമര്‍ശിച്ചാണ് ഷാഫി പറമ്പിലിന്റെ പോസ്റ്റ്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാഫി പറമ്പില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചത്.

ഷാഫി പറമ്പലിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്…

കുഞ്ഞു കുട്ടികള്‍ കുടുക്ക പൊട്ടിച്ച് ‘സര്‍ക്കാരിന് ‘ കൊടുത്ത കാശ്, ‘സക്കീറിന് ‘ പോകുന്നത് കണ്ടതുകൊണ്ടാണ് മുഖ്യമന്ത്രി, നാട്ടില്‍ ചോദ്യങ്ങള്‍ ഉയരുന്നത്…രണ്ടു ചെറുപ്പക്കാരെ, നിഷ്‌ക്കരുണം കൊന്നുതള്ളിയ പാര്‍ട്ടി ലോക്കല്‍ കമ്മറ്റി സെക്രട്ടറി പീതാംബരനു, സുപ്രീംകോടതിയില്‍ നിന്ന് വക്കീലിനെ ഏര്‍പ്പാടാക്കാന്‍ നികുതിപ്പണത്തില്‍ നിന്ന് കോടികള്‍ എടുത്തു കൊടുക്കുന്നത് കണ്ടതുകൊണ്ടാണ്, ചോദ്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്..

പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് എംഎല്‍എമാര്‍ ഒരു മാസത്തെ ശമ്പളം കൊടുക്കണമെന്ന് താങ്കള്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍, കിണറ്റിലിറങ്ങി തോല്‍പ്പിക്കാന്‍ കഴിയാത്തതിന്റെ ക്ഷീണം മാറ്റാന്‍ വ്യാജ രേഖയുമായി കോടതിയില്‍ പോയവര്‍ക്ക്, തല്‍ക്കാലം തടയാനായത് കെഎം ഷാജിയുടെ ശമ്പളമായിരുന്നു. എന്നിട്ടും പേഴ്‌സണലായി , മറ്റെല്ലാ എം.എല്‍.എമാരും നല്‍കിയതുപോലെ, ദുരിതാശ്വാസനിധിയിലേക്ക് ഒരു മാസത്തെ ശമ്പളത്തിനു തുല്യമായ തുക നല്‍കിയ ഷാജിയുടെ മനസ്സിനെ, മുഖ്യമന്ത്രി വികൃതമെന്നെത്ര വിളിച്ചാലും, കേരളത്തിലെ ജനങ്ങള്‍ അത് അംഗീകരിക്കില്ല.

‘എന്ന ഒരു സൗന്ദര്യമാ ഉവ്വേ, താങ്കളുടെ മനസ്സിനു ‘

Top