യുഎസില്‍ എംഎല്‍സിയുടെ ഭാഗമാകാന്‍ നൈറ്റ് റൈഡേഴ്സ്

വാഷിങ്ടണ്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മികച്ച റെക്കോഡുകളുള്ള ക്ലബുകളിലൊന്നാണ് ബോളിവുഡ് കിങ് ഖാന്റെ ഉടമസ്ഥതയിലുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സുമായി തുടക്കം കുറിച്ച ടീം ഇപ്പോള്‍ അമേരിക്കന്‍ ക്രിക്കറ്റ് എന്റര്‍പ്രൈസസു(എസിഇ) മായും കൈകോര്‍ക്കുകയാണ്. അമേരിക്കന്‍ ക്രിക്കറ്റ് എന്റര്‍പ്രൈസസ് (എസിഇ) തുടക്കം കുറിക്കുന്ന ടി20 ഫ്രാഞ്ചൈസി ലിഗായ മേജര്‍ ലീഗ് ക്രിക്കറ്റില്‍ (എംഎല്‍സി) നിക്ഷേപം നടത്താനൊരുങ്ങുകയാണ് നൈറ്റ്റൈഡേഴ്സ്. എസിഇയുമായി ദീര്‍ഘകാല കരാറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഒപ്പു വെച്ചു. ഇതോടെ എല്‍സിയിലെ പ്രധാനപ്പെട്ട നിക്ഷേപകരിലൊന്നായി അവര്‍ മാറും.

‘ആഗോള തലത്തില്‍ നൈറ്റ് റൈഡേഴ്സിന്റെ ബ്രാന്‍ഡിംഗ് നടന്നു കഴിഞ്ഞു. അമേരിക്കയില്‍ ക്രിക്കറ്റ് മേഖലയില്‍ നടക്കുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു. ടി20 ക്രിക്കറ്റിന് വലിയ സ്വീകാര്യതയുണ്ട് ഇവിടെ. അങ്ങനെയാണ് മേജര്‍ ലീഗ് ക്രിക്കറ്റിനെ കുറിച്ച് ചിന്തിക്കുന്നത്.’ ഷാരൂഖ് ഖാന്‍ പറഞ്ഞു.

അതേസമയം, നൈറ്റ് റൈഡേഴ്സ് മേജര്‍ ലീഗില്‍ വരുന്നതില്‍ വലിയ ആവേശമുണ്ടെന്നും അമേരിക്കന്‍ ക്രിക്കറ്റിന്റെ സാധ്യതകളുടെ ഫലപ്രാപ്തിക്കു വേണ്ടി ഇതു സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എസിഇയുടെയും മേജര്‍ ലീഗ് ക്രിക്കറ്റിന്റെയും സ്ഥാപകരില്‍ ഒരാളായ വിജയ് ശ്രീനിവാസന്‍ പറഞ്ഞു.

ഷാരൂഖ് ഖാന് പുറമെ ബോളിവുഡ് താരമായ ജൂഹി ചൗളയും ഭര്‍ത്താവ് ജെയ് മെഹ്തയുമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉടമകള്‍. ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ക്രിക്കറ്റ് താരങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ആഗോള ബ്രാന്‍ഡിംഗ് ആണ് മേജര്‍ ലീഗ് ക്രിക്കറ്റിന്റെ ലക്ഷ്യം. 2022ല്‍ പ്രഥമ എഡിഷന്‍ ലക്ഷ്യമിട്ടാണ് നീക്കം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് കരീബിയന്‍ പ്രീമിയര്‍ ലീഗിലും ഫ്രാഞ്ചൈസിയുണ്ട്. ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സാണ് ടീം. നാല് തവണ കരീബിയന്‍ പ്രീമിയര്‍ ലീഗ് ജേതാക്കളാണ് ട്രിന്‍ബാഗോ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎല്‍ കിരീടം രണ്ട് തവണ സ്വന്തമാക്കിയിട്ടുണ്ട്.

Top