Sfl critisises cpi leader

തിരുവനന്തപുരം: സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രനെതിരെ ആഞ്ഞടിച്ച് എസ്എഫ്ഐ.

ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട് എസ്എഫ്ഐക്കെതിരെ പന്ന്യൻ രവീന്ദ്രൻ നടത്തിയ പരാമർശമാണ് എസ്എഫ്ഐയെ ചൊടിപ്പിച്ചത്.

എസ്എഫ്ഐയുടെ ഈഗോ എന്നും,മാനേജ്മെന്റുകളുടെ പാദസേവകരെന്നുമൊക്കെ വിളിച്ച് പറയുന്ന പന്ന്യൻ സംശയരഹിതമായി തല മറന്ന് എണ്ണ തേക്കുകയാണെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

കേരളത്തിലെ മാനേജുമെന്റുകൾക്കെതിരെയുള്ള സമര ചരിത്രത്തിലെ ഐതിഹാസികമായ വിജയമാണ് ലോ അക്കാദമി സമരത്തിൽ എസ്എഫ്ഐ നേതൃത്വത്തിൽ വിദ്യാർത്ഥികൾ നേടിയത്.

പ്രിൻസിപ്പൽ പൂർണ്ണമായും ഒഴിവാക്കപ്പെടുകയും പകരം പുതിയ പ്രിൻസിപ്പാലിനെ എല്ലാ നിയമങ്ങളും പാലിച്ച് തന്നെ നിയമിക്കാമെന്ന് പറഞ്ഞിട്ടും തുടരുന്ന സമരാഭാസം ആർഎസ്എസ് – കോൺഗ്രസ്സ് അജണ്ടയുടെ ഭാഗമാണ്.

എം ടി മുതൽ കമലിനെ വരെ കടന്നാക്രമിച്ച വർഗീയ ശക്തികളുടെ സമര ഐക്യം എന്ന് മുതലാണ് പന്ന്യൻ ഉൾപ്പെടെയുള്ളവർക്ക് സത്യമായ തെന്നും എസ്എഫ്ഐ പ്രസ്താവനയിൽ ചോദിച്ചു.

ആർഎസ്എസ് കാണുന്ന അതേ അസംബന്ധം വിളിച്ച് പറയാൻ മടിയില്ലാത്ത സി പി ഐ നേതൃത്വത്തിന്റെ നടപടിയെയും രൂക്ഷമായ ഭാഷയിലാണ് എസ്എഫ്ഐ വിമർശിക്കുന്നത്.

ലോ അക്കാദമി സമരം സി പി എം – സി പി ഐ പാർട്ടികൾക്കിടയിൽ രൂക്ഷമായ ഭിന്നതക്ക് കാരണമായിരിക്കെയാണ് എസ്എഫ്ഐയുടെ പ്രതികരണമെന്നത് സി പി എം നേതൃത്വവും നിലപാട് കടുപ്പിക്കുന്നതിന്റെ സൂചനയാണ്.

സമരം അവസാനിപ്പിക്കാതെ പ്രതിപക്ഷത്തിന്റെ കൂടെ ചേർന്ന് അനാവശ്യമായി സി പി ഐ നേതൃത്വവും അവരുടെ വിദ്യാർത്ഥി -യുവജന സംഘടനകളും സർക്കാറിനെയും ഇടത് മുന്നണിയെയും പ്രതിസന്ധിയിലാക്കാൻ ശ്രമിക്കുകയാണെന്നാണ് സി പി എം നേതത്വവും ആരോപിക്കുന്നത്.

Top